X
    Categories: Video Stories

യോഗിയുടെ ശ്രീരാമ പ്രതിമക്ക് വെള്ളി അമ്പുകള്‍ വാഗ്ദാനം ചെയ്ത് ഷിയാ വഖഫ് ബോര്‍ഡ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ യോഗി ആദിത്യനാഥ് നിര്‍മിക്കാനൊരുങ്ങുന്ന കൂറ്റന്‍ ശ്രീരാമ പ്രതിമയില്‍ സ്ഥാപിക്കാന്‍ ഷിയാ വഖഫ് ബോര്‍ഡ് 10 വെള്ളി അമ്പുകള്‍ വാഗ്ദാനം ചെയ്തു. ചില സമുദായാംഗങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിച്ച വഖഫ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാറിന് കത്തയക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പ്രതിനിധീകരിക്കുന്നതാവും അമ്പുകളെന്ന് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു നിന്ന് അധികം അകലെയല്ലാതെ സരയൂ നദിയുടെ തീരത്ത് ശ്രീരാമ പ്രതിമ നിര്‍മിക്കാനാണ് യോഗി സര്‍ക്കാറിന്റെ നീക്കം. 100 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ യു.പിയിലെ ‘മത ടൂറിസം’ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സമാജ്‌വാദി പാര്‍ട്ടിയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.

സംഘ് പരിവാറിന്റെ പദ്ധതികള്‍ക്ക് ഇന്ത്യയിലെ ഷിയാ വിഭാഗം പിന്തുണ നല്‍കുന്നത് ഇതാദ്യമായല്ല. ബാബരി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും കാണിച്ച് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം, സംഘ് പരിവാര്‍ അവകാശപ്പെടുന്നതു പോലെ രാമജന്മഭൂമി ആണെന്ന് അംഗീകരിച്ചു കൊണ്ടായിരുന്നു ഷിയാ വഖഫ് ബോര്‍ഡിന്റെ നീക്കം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: