X

പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ അനിവാര്യമായ ട്രബിള്‍ ഷൂട്ടര്‍; ഷിബു ബേബിജോണ്‍

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിയുടെ കേരളരാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഷിബു ബേബിജോണ്‍. കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്പന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലൊരു ട്രബിള്‍ ഷൂട്ടര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്നും ഷിബു ബേബിജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കുഞ്ഞാലിക്കുട്ടിയുടെ കേരളരാഷ്ട്രിയത്തിലേക്കുള്ള മടങ്ങിവരവ് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്.

കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുസ്ലീം മതവിഭാഗത്തിന്റെയോ മാത്രം നേതാവായി കാണാന്‍ വര്‍ഗീയ കണ്ണുള്ളവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളു. ഈ നൂറ്റാണ്ടിലും ഇടുങ്ങിയ ചിന്താഗതിയും പേറി നടക്കുന്നവരാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ അസ്വസ്ഥരാകുന്നത്.

എന്റെ വ്യക്തിപരമായ അനുഭവത്തില്‍ കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്പന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രതിസന്ധിഘട്ടത്തെയും സ്വതസിദ്ധമായ ശൈലിയിലൂടെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലൊരു ട്രബിള്‍ ഷൂട്ടര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണ്. മാത്രവുമല്ല, അദ്ദേഹം തികഞ്ഞൊരു മതേതരവാദി കൂടിയാണ്.

ഇത്രയും വര്‍ഷത്തെ പരിചയത്തിനിടയില്‍ ഒരിക്കല്‍ പോലും സങ്കുചിത മതമൗലിക വാദത്തിന്റെ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ആ നിലയിലെല്ലാം അദ്ദേഹത്തെ പോലൊരു നേതാവ് ഐക്യ ജനാധിപത്യമുന്നണിയ്ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹം തന്നെയാണ്.

യുഡിഎഫിന്റെ നേതൃനിരയിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നത് മുന്നണിയ്ക്ക് ഉണര്‍വുണ്ടാകുമെന്ന് തിരിച്ചറിവുള്ള, അതിനെ ഭയക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇപ്പോള്‍ കോലാഹാലങ്ങള്‍ സൃഷ്ടിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള സഖ്യത്തിന് ഇപ്പോള്‍ വര്‍ഗീയതയുടെ നിറം നല്‍കി ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയകളി തികച്ചും ഖേദകരം തന്നെയാണ്.

 

web desk 3: