X

കെയ്‌റോയിലെ ഓര്‍മകളുമായി ശിഹാബ് തങ്ങളുടെ സഹപാഠി പാണക്കാട്ട്‌

മലപ്പുറം: ഇന്ത്യയിലും അറബ് ലോകത്തും അറിയപ്പെടുന്ന കര്‍മ്മ ശാസ്ത്ര പണ്ഡിതനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹപാഠിയും സുഹൃത്തുമായ ഡോ. സയ്യിദ് ശാഹ് തഖിയുദ്ദീന്‍ അഹ്മദ് ഫിര്‍ദൗസി മനേരി ഇന്നലെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. പ്രമുഖ സൂഫിവര്യന്‍ മഖ്ദൂം അഹമ്മദ് യഹ്യാ കമാലുദ്ദീന്‍ മനേരിയുടെ പേരമകനാണ് ഡോ.സയ്യിദ് ശാഹ് തഖിയുദ്ദീന്‍.ഈജിപ്തിലെ അല്‍അസ്്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ തങ്ങളോടൊപ്പം പഠിച്ച മനേരി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.

ഇന്നലെ വൈകുന്നേരം നാലരയോടെ പാണക്കാടെത്തിയ അദ്ദേഹത്തെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ തങ്ങളോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ഏറെ കാലത്തെ ആഗ്രഹമായിരുന്നു പാണക്കാട്ട് വരണം എന്നുള്ളതെന്നും അതിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങളുടെ മരണ ശേഷം അദ്ദേഹം തങ്ങളെ കുറിച്ച് അറബിയില്‍ എഴുതിയ ഓര്‍മ കുറിപ്പ് ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട കുറിപ്പ് പിന്നീട് മലയാളത്തിലേക്ക വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സഊദി ഗവ. ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് അറബിക് വിദ്യാഭ്യാസ മന്ത്രാലയം മുന്‍ തലവനാണ് ഡോ. മനേരി. ശിഷ്യനായ വളാഞ്ചേരിയിലെ അബ്ദുല്‍കരീം അല്‍ ബുഖാരിയോടൊപ്പമാണ് പാണക്കാട്ടെത്തിയത്. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് മടങ്ങിയത്.

web desk 3: