X

ശിവശങ്കറിനെ വിട്ടുകിട്ടാന്‍ കസ്റ്റംസ്; ആരോഗ്യനില ഇന്ന് വിലയിരുത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ലഭിക്കണമെന്ന നിലപാടിലുറച്ച് കസ്റ്റംസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനില ഇന്ന് വിലയിരുത്തും. തിരുവനന്തപുരം ഓര്‍ത്തോ വിഭാഗം ഐസിയുവിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഈ യോഗത്തില്‍ ശിവശങ്കറിന്റെ തുടര്‍ ചികിത്സയെ കുറിച്ച് തീരുമാനിക്കും.

നിലവില്‍ ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഡോക്ടര്‍മാരുടെ തീരുമാനം അനുസരിച്ചേ കസ്റ്റംസ് തുടര്‍ നടപടികള്‍ സ്വീകരിക്കൂ. ഇന്നലെയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ശിവശങ്കറിനെ ഇന്നലെ രാവിലെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിനു ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു. കസ്റ്റംസിന്റെ നിര്‍ദേശപ്രകാരമാണ് ശിവശങ്കറിനെ ഇന്നലെ രാത്രിയോടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആരോഗ്യനിലയെ കുറിച്ച് കൃത്യമായി അറിയണമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കണമെന്ന് കസ്റ്റംസ് വിലയിരുത്തിയതിനെ തുടര്‍ന്നാണിത്. ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ട്.

ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിനു ദേഹാസ്വസ്ഥ്യമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

chandrika: