X

‘രാഹുലിന്റെ മികവില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും’: ശിവസേന

ബാംഗളൂരു: കര്‍ണ്ണാടകയിലെ നമ്പര്‍ വണ്‍ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ട് പയറ്റിയാലും സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് ഫലം കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എം.പി സജ്ഞയ് റാവത്ത് പറഞ്ഞു. കര്‍ണാടക തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ശിവസേന രംഗത്തെത്തുന്നത്.

മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരും. എന്നാല്‍ 2019-ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എന്‍.ഡി.എ സഖ്യകക്ഷിയായി തുടരുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കര്‍ണാടക തെരഞ്ഞടുപ്പില്‍ അധികാരത്തിലേറാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനവും ഒപ്പം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരും സംസ്ഥാനത്ത് തന്നെയാണ്. സംസ്ഥാനത്തെ സ്തംഭനാവസ്ഥയിലാക്കിയിട്ട് മുഖ്യമന്ത്രിമാരെല്ലാം കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തിനാണ് സമയം കണ്ടെത്തുന്നത്. ഇതെല്ലാം രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ സംഘാടന മികവില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. മെയ് 12-നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 15ന് ഫലം പുറത്തുവരും.

chandrika: