X

ഒരോവറില്‍ ആറു സിക്‌സുമായി ഷുഐബ് മാലിക്ക്, 26 പന്തില്‍ സെഞ്ചുറി അടിച്ച് ബാബറിന്റെ മറുപടി

ടിട്വന്റി ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു തവണ ഗാലറിയിലേക്ക് പറത്തി ക്രിക്കറ്റ് ആരാധകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കിയ യുവരാജ് സിങ്ങിന്റെ പ്രകടനം ആരും മറന്നുകാണില്ല. പാക് താരം ഷുഐബ് മാലിക്കും ആരാധകര്‍ക്ക് അത്തരമൊരു നിമിഷം സമ്മാനിച്ചിരിക്കുകയാണിപ്പോള്‍. പാകിസ്ഥാനില്‍ ഇന്നലെ നടന്ന ടി-10 സൗഹൃദ മത്സരത്തിലായിരുന്നു മാലിക്കിന്റെ ബാറ്റിംഗ് വിരുന്ന്. ടി-10 ല്‍ ആദ്യമായി ഒരോവറിലെ എല്ലാ പന്തും സിക്സറടിച്ചു എന്ന റെക്കോഡും മാലിക്ക് സ്വന്തമാക്കി.

പാക് ടീമിലെ സഹതാരം ബാബര്‍ അസമായിരുന്നു മാലിക്കിന്റെ ഇര. സാഫ് ഗ്രീനും സാഫ് റെഡും തമ്മില്‍ നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് ആറു സിക്‌സുകള്‍ പിറന്നത്. ആദ്യ പന്ത് തന്നെ മാലിക്ക് ലോങ് ഓണിലേക്ക് പറത്തി. ഇതോടെ 15 പന്തില്‍ പാക് താരം അര്‍ധസെഞ്ചുറിയിലെത്തുകയും ചെയ്തു.

ആകെ 20 പന്തില്‍ 84 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്. മാലിക്കിന്റെ ബാറ്റിങ് മികവില്‍ സാഫ് റെഡ് ടീം പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു.

പക്ഷേ ഇതിന് അതേ നാണയത്തില്‍ ബാബര്‍ അസം മറുപടി നല്‍കി. 26 പന്തില്‍ നിന്ന് സെഞ്ചുറി തികച്ചായിരുന്നു ബാബറിന്റെ പ്രതികാരം. 384.62 സ്‌ട്രെയ്ക്ക് റെയ്റ്റില്‍ ബാറ്റുചെയ്ത ബാബറിന്റെ ഇന്നിങ്‌സില്‍ 11 സിക്‌സും ഏഴു ഫോറും പിറന്നു. ഈ സെഞ്ചുറിയുടെ മികവില്‍ സാഫ് ഗ്രീന്‍ വിജയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീഡിയുടെ ഫോറിലൂടെയാണ് സാഫ് ഗ്രീനിന്റെ വിജയറണ്‍ വന്നത്.

chandrika: