X

ഷുക്കൂർ വധക്കേസ്: ജയരാജന്റെ വിടുതൽ ഹരജിയിൽ വാദം ആരംഭിച്ചു

മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹരജിയിൽ വാദം കേൾക്കുന്നത് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതി ആരംഭിച്ചു. ഇന്ന് പ്രാഥമിക വാദം കേട്ട കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് സെപ്റ്റംബർ 20ലേക്ക് മാറ്റിവച്ചു.

കേസിൽ നേരത്തെ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക കക്ഷി ചേർന്നിരുന്നു. വിടുതൽ ഹരജിയെ എതിർത്ത് കൊണ്ട് ആത്തിക്കയുടെ അഭിഭാഷകൻ അഡ്വ. മുഹമ്മദ്‌ ഷാ കോടതിൽ ആക്ഷേപം ബോധിപ്പിച്ചതിന് ശേഷമാണ് വിടുതൽ ഹരജിയിന്മേൽ കോടതി ഇന്ന് വാദം കേട്ട് തുടങ്ങിയത്. പി ജയരാജനും ടി.വി രാജേഷിനും എതിരെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനുള്ള മതിയായ തെളിവുകളുണ്ടെന്നും ഇരുവരും കേസിൽ വിചാരണ നേരിടേണ്ടതുണ്ടെന്നും അതിനാൽ വിടുതൽ ഹരജി നിയമപരമായി നിലനിൽക്കില്ല എന്നുമുള്ള വാദങ്ങളാണ് ഇന്ന് ആത്തിക്കയുടെ അഭിഭാഷകൻ ഉന്നയിച്ചത്. അബ്ദുൽ ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചാണ് നടന്നതെന്നും പി ജയരാജന്റെയും ടി.വി രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയിൽ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളായ 4 ഓളം പ്രതികൾ പങ്കെടുത്തിട്ടുണ്ടെന്നും അവരിൽ ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും അതിനുള്ള ദൃക്‌സാക്ഷികളും സാഹചര്യ തെളിവുകളും ഉണ്ടെന്നും ആത്തിക്കയുടെ അഭിഭാഷകൻ ആക്ഷേപത്തിൽ ബോധിപ്പിച്ചിരുന്നു.

കൊലപാതകം നടന്ന ദിവസം പ്രതികൾ നടത്തിയ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡുകളും പ്രതികൾ ഗൂഢാലോചന നടത്തുന്നത് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളും മറ്റ് സാഹചര്യ തെളിവുകളും ചൂണ്ടിക്കാണിച്ചാണ് ആത്തിക്കയുടെ അഭിഭാഷകൻ വിടുതൽ ഹരജിയെ എതിർത്തത്.

webdesk11: