X

സിദ്ധാർഥിൻ്റെത് പാർട്ടി കൊലപാതകം – പി.കെ ഫിറോസ് 

കല്പറ്റ : പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർഥിൻ്റെ കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. എസ്.എഫ്.ഐ ഭീകരതക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി പി ചന്ദ്രശേഖന് സമാനമായ രീതിയിലാണ് സിദ്ധാർഥും കൊല്ലപ്പെട്ടത്. ടി.പി ക്കെതിരെ ദുരാരോപണം ഉന്നയിക്കുകയും കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് യഥാർത്ഥ പ്രതികളെ രക്ഷിക്കാനും കേസ് വഴിതിരിച്ച് വിടാനും ബോധപൂർവ്വമായ ശ്രമം നടത്തിയത് പോലെ  സിദ്ധാർഥിൻ്റെ കൊലപാതകത്തെ തുടർന്നും സി.പി.എം ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയത്.

സിദ്ധാർഥിനെതിരെ ദുരാരോപണം ഉന്നയിച്ചതും പാർട്ടിക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചതും ഒരു വിദ്യാർത്ഥിയെ കൊണ്ട് എം.എസ്.എഫുകാരനെന്ന് പറയിപ്പിച്ച് നാടകം കളിച്ച് കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം നടത്തിയതും സി.പി.എമ്മിൻ്റെ ആസൂത്രണത്തിൻ്റെ  ഭാഗമാണ്. ഓരോ പ്രദേശത്തും പാർട്ടി കൊലപാതകങ്ങളെ ആസൂത്രണം ചെയ്യാനും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കാനും പ്രത്യേകം ആളുകളെ ചുമതലപ്പെടുത്താറുണ്ട്.

പൊതു സമൂഹത്തിൽ മാന്യതയുടെ പരിവേശം നൽകുന്ന ഇവർക്ക് കൊലപാതകാസൂത്രണം നടത്തുക എന്നതാണ് പാർട്ടി ചുമതല. പാനൂരിൽ ഈ ചുമതല നിർവ്വഹിച്ചത് പി.കെ കുഞ്ഞനന്തനാണെങ്കിൽ വയനാട്ടിൽ ഇത് നിർവ്വഹിക്കുന്നത് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും മുൻ എം.എൽ.എ യുമായ സി.കെ ശശീന്ദ്രനാണ്. അത് കൊണ്ടാണ് അദ്ദേഹം കേസിലെ പ്രതികൾക്കൊപ്പം മജിസ്ട്രേറ്റിനെ സമീപിച്ചതെന്നും ഫിറോസ് വ്യക്തമാക്കി.

കേരളത്തിലെ സർവ്വലാശാലകളിൽ പാർട്ടി ഭരണമാണ് നടക്കുന്നത്. വി.സി യും രജിസ്ട്രാറും ഡീനുമെല്ലാം പാർട്ടി നിയമനങ്ങളാണ്. എസ്.എഫ്.ഐ യുടെ ചിയേഴ്സ് മീറ്റിങ്ങ് ഉദ്ഘാടനം ചെയ്ത സർവ്വകലാശാല ഡീൻ എസ്.എഫ്.ഐ യുമായി ചിയേഴ്സ് ബന്ധം തുടരുന്ന  വ്യക്തിയാണെന്ന് വ്യക്തമാണ്. മാത്രവുമല്ല പി.എച്ച്.ഡി കോപ്പിയടിയാണെന്ന് തെളിഞ്ഞ വ്യക്തിയെയാണ് രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്.

അക്കാദമിക് കൗൺസിൽ അടക്കം ഇത് കണ്ടത്തിയിട്ടും ഇദ്ദേഹത്തെ രജിസ്ട്രാറാക്കാൻ തീരുമാനിച്ചത് പാർട്ടിയുടെ പ്രത്യേക ഇടപെടൽ കൊണ്ടാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. പിണറായി വിജയൻ്റെ പൊലീസ് ഈ കേസ് അട്ടിമറിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഒരു സിറ്റിങ്ങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. കൊലപാതകം മറച്ച് വെക്കാൻ ശ്രമിച്ച വി.സി, രജിസ്ട്രാർ, ഡീൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറാവണമെന്നും അല്ലാത്തപക്ഷം നിരന്തര പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി.കെ ഫിറോസ് അറിയിച്ചു.

പ്രതികൾക്ക് സംരക്ഷണമൊരുക്കിയ യൂണിവേഴ്സിറ്റി ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുക, കുറ്റവാളികൾക്ക് സൗകര്യമൊരുക്കിയ ഡീൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക, സി.പി.എം നേതാക്കളുടെ പങ്ക് അന്യേഷണ വിധേയമാക്കുക, സർവ്വകലാ ശാലയിലെ അനധികൃത നിയമനങ്ങൾ പുറത്തു കൊണ്ടുവരിക എന്നി ആവിശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം നടത്തിയത് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ധീഖ് എം.എൽ.എ, എം.എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ്‌, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, പ്രസംഗിച്ചു.

webdesk13: