X

കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഒരു സംഘം, ടെന്റുകള്‍ പൊളിക്കാന്‍ ശ്രമം; സംഘര്‍ഷം

ഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാന്‍ എത്തിയ ഒരു സംഘം കര്‍ഷകരുടെ ടെന്റുകള്‍ പൊളിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രദേശത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം പേര്‍ വരുന്ന സംഘം കര്‍ഷകരെ നേരിടാനെത്തിയത്. ഇതിനെ തുടര്‍ന്ന് കര്‍ഷകരും പ്രതിഷേധവുമായെത്തിയ വരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

പ്രതിഷേധവുമായെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കര്‍ഷക സംഘടനകള്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും ദേശീയ പതാകയെ അപമാനിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചുനീക്കാനും അവര്‍ ശ്രമിച്ചു. ഇത് കര്‍ഷകര്‍ ചെറുത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്.

കര്‍ഷക സമരത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസുമായി ബന്ധമുള്ളവരെ അയയ്ക്കുന്നതായി സമരം ചെയ്യുന്ന കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ഇന്ന് ആരോപിച്ചിരുന്നു. ‘ഞങ്ങളുടെ സമരത്തെ സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ മോദി സര്‍ക്കാര്‍ പല വിലകുറഞ്ഞ തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. സമര സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആര്‍എസ്എസുകാരെ അയയ്ക്കുന്നു. കഴിഞ്ഞ ദിവസം രണ്ടു തവണ അവര്‍ അതിന് ശ്രമിച്ചു’, സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന സത്‌നാം സിങ് വെളളിയാഴ്ച പറഞ്ഞു.

 

web desk 3: