X

ഏക സിവില്‍കോഡ്: മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി ബഹുജന സെമിനാര്‍ നാളെ

കോഴിക്കോട്: ഏക സിവില്‍ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാര്‍ നാളെ (ജൂലൈ 26ന് ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കും. കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്നാട് മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വിവിധ മത മേലദ്ധ്യക്ഷന്‍മാര്‍, നിയമജ്ഞര്‍ സെമിനാറില്‍ പങ്കെടുക്കും.

ദേശീയ പ്രശ്നമെന്ന നിലയില്‍ ഏക സിവില്‍ കോഡിനെ സമീപിക്കാനും സമൂഹത്തില്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും സെമിനാര്‍ ലക്ഷ്യമിടുന്നു. ബി.ജെ.പിയുടെ വംശീയ അജണ്ടയെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെടുന്നത്. ഈ ആവശ്യത്തിനായി മുഴുവന്‍ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്താനാണ് കോ-ഓഡിനേഷന്‍ കമ്മിറ്റി ശ്രമിക്കുന്നത്. ബഹുജന സെമിനാറിന്റെ ഭാഗമായി മണിപ്പൂര്‍ ജനതക്ക് വേണ്ടി ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ പിന്തുണയോടെ മണിപ്പൂരിലെ കുക്കി വംശജര്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെയും ക്രിസ്തീയ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയും കേരളത്തിലെ മുസ്ലിം സംഘടനാ നേതാക്കള്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തും.

 

webdesk11: