X

ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കും: മുനവ്വറലി തങ്ങള്‍

വട്ടംകുളം : കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി ശാഖ തലത്തില്‍ നടത്തുന്ന യൂത്ത് മീറ്റിന്റെ സംസ്ഥാനതല ഉത്ഘാടനം തവനൂര്‍ മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്തിലെ വട്ടംകുളം ശാഖയില്‍ നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി മതങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയില്‍ ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന തന്നെ അനുവാദം നല്‍കുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന മഹിതമായ ആശയമാണ് ഇന്ത്യയെ ലോകരാജ്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്. ഏക സിവില്‍ കോഡ് മുസ്ലിം സമുദായത്തെ മാത്രമല്ല, ഇതര മത വിശ്വാസികളെയും നേരിട്ട് ബാധിക്കുന്നു. നാഗലാന്റ്, മിസോറാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ക്കൊപ്പം നില്‍ക്കുന്ന കക്ഷികള്‍ വരെ ഏക സിവില്‍ കോഡിനെതിരെ രംഗത്ത് വന്നതും ഇതിനുള്ള തെളിവാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ് ഏക സിവില്‍ കോഡ് പ്രഖ്യാപനം. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇന്ധന-അവശ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്യം, തുടങ്ങിയ ജീവല്‍ പ്രധാനമായ വിഷയങ്ങളിലുള്ള തങ്ങളുടെ ഭരണപരാജയം മറച്ച് പിടിക്കാനാണ് ഇത്തരം വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം നിരന്തരം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് മതേതര ചേരിക്ക് കൂടുതല്‍ ശക്തി പകരണമെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിചേര്‍ത്തു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ പ്രസംഗിച്ചു. ശാഖ പ്രസിഡന്റ് ഉമ്മര്‍ എം. എ അധ്യക്ഷത. വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ബാവ വിസപ്പടി, ഐ.പി ജലീല്‍, ഷരീഫ് വടക്കയില്‍, ടി.പി. ഹാരിസ്, യൂസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ, വി.പി. എ റഷീദ് , പത്തില്‍ സിറാജ്, സി.കെ അഷ്‌റഫ്, എം. അബ്ദുള്ളക്കുട്ടി,ടി.പി. ഹൈദരലി, പത്തില്‍ അഷ്‌റഫ്, എം.വി. റഹൂഫ്, സജീര്‍ എം. എം സംബന്ധിച്ചു.

 

webdesk11: