X

പ്രതിഷേധ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്ന വിധം

സോഷ്യല്‍ ഓഡിറ്റ്

ഡോ. രാംപുനിയാനി

ഴിഞ്ഞ വര്‍ഷം ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ മരിച്ചതോടെയാണ് കശ്മീരില്‍ കലാപം വഷളായത്. നിരന്തരമായ പ്രതിഷേധവും പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മരണത്തിലേക്കും പലരെയും അന്ധരാക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തുന്നത് താഴ്‌വര വളരെ അസ്വസ്ഥമായ അവസ്ഥയിലെത്തുന്നതിന് കാരണമായി. ഈ അവസരത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണം മുറിവില്‍ ഉപ്പു പുരട്ടുന്ന അവസ്ഥയാണ് രാഷ്ട്രത്തിന് സമ്മാനിച്ചത്. ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വൈകിപ്പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ ആദ്യം പൊലീസ് വാഹനത്തിനു നേരെയാണ് ആക്രമണം നടത്തിയത്. പിന്നീട് ബസിനെ പിന്തുടര്‍ന്ന് അപ്രതീക്ഷിതമായി തുരുതുരാ വെടിവെക്കുകയായിരുന്നു. ഗുജറാത്തില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസ്സാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മരിച്ച ഏഴു പേരില്‍ അഞ്ചും സ്ത്രീകളായിരുന്നു. ഡ്രൈവര്‍ സലീമിന്റെ ധീരത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഭീകരര്‍ മൂന്നു വശത്തുനിന്നും വെടിയുതിര്‍ത്തിട്ടും പതറാതെ ബസ് നിര്‍ത്താതിരുന്ന സലീം അടുത്തുള്ള പട്ടാള ക്യാമ്പിലാണ് യാത്രക്കാരെ എത്തിച്ചത്. ബസ്സിലുള്ളവരെ മുഴുവന്‍ കൊന്നൊടുക്കുകയെന്ന ഭീകരവാദികളുടെ ശ്രമമാണ് ഇതിലൂടെ തടയാനായത്.

ഭൂരിഭാഗം ഹിന്ദുക്കളും തെരഞ്ഞെടുക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് അമര്‍നാഥ്. താഴ്‌വരയിലെ ഗുഹയിലാണ് ഐസ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. 1850 കളില്‍ ഒരു മുസ്‌ലിം ഇടയനാണ് ഇത് കണ്ടെത്തിയത്. അതിനു ശേഷം ഇത് ഭക്തരുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാണ്. അമര്‍നാഥ് യാത്ര മിക്കവാറും മുസ്‌ലിംകളാണ് ഏര്‍പ്പാട് ചെയ്തുവരുന്നത് എന്നത് ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിന്റെ ആഴത്തിലുള്ള അടയാളമാണ് പ്രതിഫലിപ്പിക്കുന്നത്. ബുദ്ധമതത്തിന്റെയും വേദാന്തത്തിന്റെയും സൂഫിസത്തിന്റെയും പാരമ്പര്യമുള്ള സമന്വയ കശ്മീര്‍ സംസ്‌കാരമായ കശ്മീരിയ്യത്തിന്റെ ആവിഷ്‌കരണം കൂടിയാണിത്. കശ്മീരില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയോടെയാണ് അമര്‍നാഥ് തീര്‍ത്ഥാടന യാത്ര. 2001, 2002, 2003 വര്‍ഷങ്ങളില്‍ യാത്രക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം എന്‍.ഡി.എ സര്‍ക്കാറായിരുന്നു അധികാരത്തിലെന്നത് യാദൃച്ഛികമാകാം. എന്‍.ഡി.എക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി പ്രയോഗവത്കരിക്കുന്ന കയ്യൂക്കിന്റെ ദേശീയതയുമായുള്ള പരസ്പര ബന്ധമെന്താണ് ?.

പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്ന പാക്കിസ്താന്‍ പ്രചോദനം നല്‍കുന്ന തീവ്രവാദികളും അല്‍ഖാഇദ പോലുള്ള ഭീകര ശക്തികളും കശ്മീര്‍ പ്രശ്‌നം വര്‍ഗീയവത്കരിക്കുമ്പോഴും പ്രദേശത്തെ ബഹുസ്വര സമൂഹം അതിനെ അതിജയിക്കുകയും അമര്‍നാഥ് യാത്രികര്‍ക്ക് മുസ്‌ലിം ജനസമൂഹം മഹത്തായ സഹായങ്ങള്‍ ചെയ്തുവരികയുമാണ്. പ്രകൃതി ദുരന്തങ്ങളില്‍പെട്ട് യാത്രക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ക്ക് വേണ്ട ഭക്ഷണമുള്‍പെടെയുള്ള സഹായങ്ങള്‍ ചെയ്തുവരുന്നത് പ്രദേശത്തെ മുസ്‌ലിംകളാണ്. കശ്മീരിലെയും രാജ്യത്തെയും മുഴുവന്‍ ജനങ്ങളും ഒരേ ശബ്ദത്തിലാണ് അക്രമത്തെ അപലപിച്ചത്. ദേശത്തിന്റെ വേദന ഒരിക്കലും അവസാനിക്കുന്നില്ല. പെഹ്‌ലുഖാനെയും ജുനൈദിനെയും ആള്‍ക്കൂട്ടം വധിച്ചപ്പോള്‍ ഏറെ നാളത്തേക്ക് മിണ്ടാതിരിക്കുകയും ഒരു ട്വീറ്റ് പോലും പോസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി അമര്‍നാഥ് യാത്രക്കു നേരെയുണ്ടായ അക്രമത്തില്‍ അപലപിച്ചുകൊണ്ട് ട്വീറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിക്കുകയായിരുന്നു.

രാജ്യത്തെ ലിബറല്‍, ജനാധിപത്യ ശബ്ദങ്ങളെ ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന ജോലിയിലാണ് ഹൈന്ദവ ദേശീയവാദക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നതാണ് ഇതിന്റെ മറ്റൊരു വശം. ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു സാധാരണ കളിയാക്കലുമായാണ് ഇത്തവണയുമെത്തിയത്. ‘അമര്‍നാഥ് കൊലയില്‍ എന്റെ പേരിലല്ല, കൂട്ടായ പ്രതിഷേധം അല്ലെങ്കില്‍ അഖ്‌ലാഖിനും ജുനൈദിനും പെഹ്‌ലുഖാനും വേണ്ടിയാണ് പ്രതിഷേധം, ശിവ ഭക്തര്‍ക്കു വേണ്ടിയല്ല’ എന്നാണ് അദ്ദേഹം പരിഹാസ രൂപേണ ട്വീറ്റ് ചെയ്തത്.

ട്രെയിനില്‍ ജുനൈദ് കൊല്ലപ്പെട്ട് ജന്തര്‍ മന്ദിറില്‍ നടന്ന വന്‍ പ്രതിഷേധ കൂട്ടായ്മക്കു ശേഷമാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണമുണ്ടായത്. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ മാത്രമേ സ്വതന്ത്ര ചിന്താഗതിക്കാര്‍ പ്രതിഷേധിക്കുകയുള്ളുവെന്ന ധാരണ പൊതുവായി പ്രചരിപ്പിക്കുകയാണ് സംഘ്പരിവാരം. ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്ന ശേഷം ‘അവാര്‍ഡ് വാപസി’ (അവാര്‍ഡുകള്‍ തിരിച്ചു നല്‍കല്‍) ആരംഭിച്ചതോടെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചത്. അവാര്‍ഡ് തിരിച്ചു നല്‍കല്‍ പ്രതിഷേധം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ശക്തമായ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ഗുണപരമായ മാറ്റം വരുത്തിയതായി കാണാം. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് അഖ്‌ലാഖിനെ ജനക്കൂട്ടം അടിച്ചുകൊന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ജുനൈദിനെ ട്രെയിനില്‍ കുത്തിക്കൊന്ന സംഭവവും സമാനരീതില്‍ രാജ്യത്തെ ഞെട്ടിച്ചു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ശിലകള്‍ ഇളകിപ്പോകുന്ന സംഭവങ്ങളാണിവ.

ജുനൈദിന്റെ കൊലപാതകത്തിനു ശേഷം രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും രാജ്യം മുഴുവന്‍ സംഭവത്തില്‍ അപലപിക്കുകയും ചെയ്തു. ‘എന്റെ പേരിലല്ല’ എന്ന പ്രതിഷേധം സംഘടിപ്പിച്ചതു വസ്തുതയാണെങ്കിലും സമാനരീതിയില്‍ തന്നെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ അക്രമത്തെ ആയിരങ്ങള്‍ അപലപിച്ചിട്ടുണ്ട്. അതിനാല്‍ ബി.ജെ.പി വക്താവ് റാവുവിനെ പോലുള്ളവര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതിന്റെ ഉദ്ദേശമെന്താണ്?

ഇപ്പോള്‍ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ കഷ്ടത അനുഭവിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണെന്നും അതേസമയം രാജ്യത്തെ മുസ്‌ലിംകള്‍ സന്തോഷവാന്മാരും അതി ലാളനയാല്‍ വഷളാക്കപ്പെട്ടവരുമാണെന്ന വ്യാപക പ്രചാരണമാണ് അഴിച്ചുവിടുന്നത്. ഹിന്ദു ദേശീയവാദ രാഷ്ട്രീയക്കാര്‍ ആദ്യം മുസ്‌ലിംകള്‍ക്കെതിരെ പ്രചാരണത്തിന് ശക്തികൂട്ടുകയും തുടര്‍ന്ന് ഭാഗികമായി ക്രിസ്ത്യാനികള്‍ക്കെതിരെ നീങ്ങുകയുമാണ്. ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കുന്ന എല്ലാവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കൂടെക്കൂടെ നടക്കുകയും കൂടുതല്‍ ശ്രദ്ധനേടുകയും ചെയ്തതാണ് ഇതിനുള്ള കാരണം.

സ്വതന്ത്ര ജനാധിപത്യ ശക്തികളുടെ പ്രതിഷേധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ഈ വിമര്‍ശനത്തിനു കാരണം. ലിബറല്‍ മൂല്യങ്ങളോടുള്ള അസഹിഷ്ണുതയിലും ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനങ്ങളിലുമാണ് ബി.ജെ.പി മാതൃകയിലുള്ള രാഷ്ട്രീയം പടുത്തുയര്‍ത്തപ്പെട്ടത് എന്നതിനാല്‍ സമൂഹത്തില്‍ എളുപ്പത്തില്‍ കടന്നുചെല്ലാനാകും. ന്യൂനപക്ഷങ്ങള്‍ പ്രീണിപ്പിക്കപ്പെടുകയാണെന്ന പ്രചരണമാണ് അതിന്റെ പ്രധാന അടിസ്ഥാന തത്ത്വം. എന്നാലിപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഭൂരിപക്ഷ ഹിന്ദു സമുദായം കടുത്ത വിവേചനത്തിന് ഇരയാകുകയാണെന്ന പ്രചാരണമാണത്. വളരെ ബുദ്ധിപൂര്‍വമായൊരു നീക്കമാണിത്. എന്നാല്‍ അതിനെ പിന്തുണക്കുന്ന ഒരു സത്യവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യത്തെ സാമൂഹിക അവസ്ഥയിലേക്ക് ഇറങ്ങിച്ചെന്നാല്‍ അവരുടെ പ്രചാരണത്തില്‍ എത്രമാത്രം സത്യമുണ്ടെന്ന് ബോധ്യപ്പെടും. നമ്മുടെ രാജ്യത്ത് മുസ്‌ലിംകളുടെ സാമ്പത്തിക അവസ്ഥ വളരെ നന്നായി പ്രതിഫലിപ്പിക്കുന്നതാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അവരുടെ അവസ്ഥ അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കുകയാണ്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ആക്രമണത്തിന് ഇരകളാകുന്നതിലും (വര്‍ഗീയ കലാപങ്ങളില്‍ ഇരകളാകുന്നതില്‍ 80 ശതമാനത്തിലധികവും മുസ്‌ലിംകളാണ്) 2011 സെന്‍സസ് പ്രകാരം 14.1 ശതമാനം മാത്രമുള്ള ഈ വിഭാഗമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഇരകളാകുന്നതിലുള്‍പെടെ ഭീകരാക്രമണത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നത് മുസ്‌ലിംകളാണ്. നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ അറസ്റ്റിലാവുകയും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ അവരെ വെറുതെ വിടുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം തുടര്‍ച്ചയായി താഴോട്ടാണ് പോകുന്നതെന്ന് ലോക്‌സഭയിലെ മുസ്‌ലിം എം.പിമാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഭൂരിഭാഗം ജോലികളും ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരെല്ലാം തൃപ്തികരവും സമാധാനപരവുമായ ജീവിതം നയിക്കുന്നു. സാമ്പത്തിക മാനദണ്ഡങ്ങളിലും അവര്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ഉറപ്പിച്ചു പറയനാകും. ഹിന്ദു സമുദായം ഭീഷണി നേരിടുകയാണെന്ന ധാരണ നിര്‍മ്മിച്ചെടുക്കുന്നത് ധ്രുവീകരണ രാഷ്ട്രീയം വീണ്ടും ശക്തിപ്പെടുത്തുകയെന്ന വ്യക്തമായ രാഷ്ട്രീയ നീക്കത്തോടെയാണ്.

chandrika: