X

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

 

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്രത്തില്‍ അടക്കം കൈകടത്താനെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നേരത്തെ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ‘സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബ്’ രൂപീകരിക്കാനുള്ള കേന്ദ്ര നീക്കം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ സംവിധാനം രൂപീകരിക്കാനാണ് കേന്ദ്ര വാര്‍ത്താ വിതരണ, സംപ്രേഷണ മന്ത്രാലയം നീക്കം ആരംഭിച്ചിരുന്നത്. സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള കേന്ദ്ര നീക്കം പൗരന്‍മാരുടെ സ്വകാര്യത ഹനിക്കുന്നതും മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റവുമാണെന്ന് മാഹുവ മോയ്ത്രക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയില്‍ പറഞ്ഞു. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഇ മെയില്‍ തുടങ്ങിയവ ചോര്‍ത്താനാണ് സര്‍ക്കാറിന്റെ നീക്കം. ഇതിനാവശ്യമായ സോഫ്റ്റ്‌വെയറിനുള്ള ടെണ്ടര്‍ ക്ഷണിച്ചു കൊണ്ട് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍റ്റന്റ്‌സ് ഇന്ത്യാ ലിമിറ്റഡ് (ബി.ഇ.സി.ഐ.എല്‍) എന്ന പൊതുമേഖല സ്ഥാപനം നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ കണ്ണും, കാതും ആകാനും, യഥാ സമയം അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി കരാര്‍ അനുസരിച്ച് ജില്ലാ തലങ്ങളില്‍ ജീവനക്കാരെ നിയമിക്കാനുമാണ് പദ്ധതിയിലൂടെ കേന്ദ്രം ആലോചിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതേ സമയം സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതും തടയുന്നതും രാജ്യത്തെ നിരീക്ഷണത്തിന് കീഴിലാക്കുന്നതിന് തുല്യമാവുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

chandrika: