X

ലോകം കീഴടക്കി സോഷ്യൽ മീഡിയ സൈറ്റുകൾ

പി കെ മുഹമ്മദലി കോടിക്കൽ

പുതിയ കാലത്ത് സോഷ്യൽ മീഡിയ സൈറ്റുകളുടെ പ്രാധാന്യം വർദ്ധിച്ചു വരുകയാണ്. എല്ലാ മേഖലകളിലും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളുടെ സേവനം അനിവാര്യമായി കൊണ്ടിരിക്കുകയാണ്. വലിയൊരു സൗഹൃദ കൂട്ടായ്മകൾക്ക് ഇതിലൂടെ രൂപം കൊടുക്കുകയും വ്യക്തികൾ മുതൽ സ്ഥാപനങ്ങൾ,സംഘടനകൾ, എന്നിങ്ങനെ സമസ്ത മേഖലകളെയും ഓൺലൈനായി കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാനു ള്ള വലിയൊരു ചട്ടകൂടായി സോഷ്യൽ മീഡിയകൾ മാറിയിരിക്കുകയാണ്. ലോകത്തെ മുഴുവൻ ജനങ്ങളെയും ഒരു വെർച്വൽ കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി പരസ്പരം ആശയ വിനിമയം സാധ്യമാക്കുക എന്നതാണ് എല്ലാം സോഷ്യൽ മീഡിയ സൈറ്റുകളുടെയും ലക്ഷ്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് മുതൽ ആരംഭിച്ച ആശയവിനിമയോപാധിയാണ് സോഷ്യൽ മീഡിയ.പ്രത്യാക കമ്മ്യൂണിറ്റികളായും ഗ്രൂപ്പുകളായും പ്രാദേശിക കൂട്ടായ്മകളായും ദിനേനെ ആളുകൾ സംഘടിച്ചുകൊണ്ടിരിക്കുകയാണ്.

ലോക രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയിലെല്ലാം അന്ധിപകരുന്നതും ആളിക്കത്തുന്നതുമെല്ലാം ഇന്ന് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെയാണ്. തെരഞ്ഞെടുപ്പുകൾ വിജയ പരാജയങ്ങൾ എന്നിങ്ങനെ എല്ലാത്തിനും കരുത്ത് പകരുന്നതിൽ സോഷ്യൽ മീഡിയകൾക്കുള്ള സ്ഥാനം ചെറുതല്ല.ത്വരിത ഗതിയിലുള്ള വളർച്ചയാണ് എല്ലാം സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾക്കും.ലോകം ഇതിനെ മുറുകെ പിടിച്ച് കൂട്ടായ്മകളാക്കി തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും വികാരങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യാനും വ്യക്തിഗത ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളും മുഹുർത്തങ്ങളും ലോകത്തോട് വിളിച്ച് പറയാനുള്ള ഒരേയൊരു വേദി സോഷ്യൽ മീഡിയ മാത്രമാണ്. ഒരു കമ്മ്യൂണിറ്റിയെ വളരെ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഒരു മനുഷ്യന്റെ എല്ലാം ഘട്ടങ്ങൾക്കും ഇന്ന് സോഷ്യൽ മീഡിയ വലിയ ഘടകമാണ്.

ആദ്യ കാലങ്ങളിൽ യുവാക്കൾ വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃദ് വലയം വിപുലപെടുത്താനാണ് സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് എല്ലാം പ്രായാക്കാരും ഇതിന്റെ സേവനം ഉപയോഗപെടുത്തുന്നുണ്ട്. ഓൺലൈൻ സേവനങ്ങളിൽ വലിയ വിപ്ലവം സോഷ്യൽ മീഡിയക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബിസിനസ്സ് മേഖല യില വളർച്ചക്ക് സോഷ്യൽ മീഡിയകളുടെ പങ്ക് വളരെ വലുതാണ്. ബിസിനസ്സ് പരിപോഷിപ്പിക്കുന്നതിലും ബിസിനസ്സുകൾ സൃഷ്ടിക്കുന്നതിലും സോഷ്യൽ മീഡിയ സൈറ്റുകൾ നിരവധി അവസരങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് വെച്ചിട്ടുണ്ട്. പുതിയ കാലത്ത് വലിയ നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും സംഭവിക്കുന്നു. ഗൂഗിളിന്റെ പുതിയ കണക്കനുസരിച്ച് അധനികൃത ഉപയോക്താക്കളുടെ കടന്ന് കയറ്റം സോഷ്യൽ മീഡിയ സൈറ്റുകളുടെ സുരക്ഷിതത്വത്തിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. വലിയതോതിലുള്ള സാമൂഹ്യ പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഒരു മുനുഷ്യന്റെ വിലപ്പെട്ട സമയവും അധ്വാനവും പാഴാകുന്ന ഇടം കൂടിയാണ് ഇത്. വിവാഹ ജീവിതങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ,ജോലി തുടങ്ങി പ്രധാന കാര്യങ്ങൾക്ക് ദോഷകരമായി ബാധിക്കുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇന്ന് സോഷ്യൽ മീഡിയ നേരിടുന്ന പ്രധാന വെല്ലുവിളി.

ആളുകകളയും സംഘടനകളെയും വൈകാരികമായി വ്യക്തിഹത്യ നടത്തുന്ന പ്രവണത ട്രോളിംഗ് എന്ന പേരിൽ ഇന്ന് വർദ്ധിച്ചു വരുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സാമൂഹത്തിൽ വലിയ വിവാദങ്ങൾക്ക് തിരി തെളിയിക്കുന്നുണ്ട്. മോഷണങ്ങൾക്കും കുറ്റകൃതങ്ങൾക്കെല്ലാം സോഷ്യൽ മീഡിയ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നിരവധി കേസുകളുടെ പിന്നാമ്പുറങ്ങൾ വായിക്കപെടുന്നുണ്ട്. സാമൂഹിക വിരുദ്ധമായ തെറ്റായ വാർത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത് സോഷ്യൽ മീഡിയയുടെ വലിയ കോട്ടമാണ്. ന്യൂജൻ കാലത്ത് നല്ല വശങ്ങൾക്ക് മാത്രം മുൻ തൂക്കം കൊടുത്ത് നല്ലത് മാത്രം സ്വകരിച്ച് സോഷ്യൽ മീഡിയ എന്ന വലിയ സൗഹൃദ കൂട്ടായ്മയിലൂടെ നമുക്ക് മുന്നേറാം. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള അനുദിനം ഉപയോക്താക്കൾ വർദ്ധിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകളെ നമുക്കൊന്ന് പരിചയപെടാം …

ഫെയ്സ് ബുക്ക്

നൂറു കോടിയിലധികം വ്യക്തികളെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തന്നെ ഏറ്റവുംവലിയ പ്രതിഭാസമായി മാറിയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഫെയ്സ് ബുക്ക്. ചെറിയ കാലങ്ങൾക്ക് കൊണ്ട് ലോക ജനതയുടെ ഇടയിൽ പുതിയ മാധ്യമ സങ്കൽപം തന്നെ സൃഷ്ടിക്കാൻ ഫെയ്സ് ബുക്കിന് കഴിഞ്ഞു. 2004 ഫെബ്രുവരി 4 ന് മസാച്യുസെറ്റ്സ് കേംബ്രിഡ്ജിലാണ് ഫെയ്സ് ബുക്കിന് ജന്മം കൊണ്ടത്.ഹാർഡ് വാർഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സക്കർബർഗിന്റെ തലയിലുദിച്ച ആശയമാണ് ഫെയ്സ് ബുക്ക്. ഇന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഫെയ്സ് ബുക്ക് കടന്നു കയറി. നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഗൂഗിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ളതും ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള ഇന്റർനെറ്റ് സൈറ്റ് കൂടിയാണിത്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ വൻ കുതിപ്പാണ് ഫെയ്സ് ബുക്ക്. ആഗോള തലത്തിൽ ഇരുന്നൂറിലധികം മേഖലകളിൽ ഫെയ്സ് ബുക്കിന്റെ സാന്നിധ്യം ഉണ്ട്. സാമൂഹികപരമായ പ്രശ്നങ്ങളിൽ ഫെയ്സ് ബുക്കിന്റെ പങ്ക് വലുതാണ്.ഒരോ ദിവസവും നാൽപത് കോടിയിലധികം ഫോട്ടോകളും 500 കോടിയിലധികം കമന്റുകളും ലൈക്കുകളും വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വാട്സ് ആപ്പ്

ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയ സംവിധാനമാണ് വാട്സ് ആപ്പ്. 2018 ജനുവരിയിലാണ് വാട്സപ്പ് ആപ്ലിക്കേഷൻ പുറത്തിറങ്ങിയത്. യാഹൂവിന്റെ മുൻ ജീവനക്കാരായ ബ്രയാൺ ആക്ടണും ജാൻ കോമും ചേർന്നാണ് വാട്സപ്പ് സ്ഥാപിച്ചത്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ വാട്സപ്പ് ഇങ്ക് ആണ് ആപ്ലിക്കേഷൻ സൃഷ്ടിച്ചത്. 2014 ഫെബ്രുവരിയിൽ 19.3 ബില്യൺ ഡോളറിന് ഫെയ്സ് ബുക്ക് ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ നെറ്റ് വർക്കിംഗ് സൈറ്റാണ് വാട്സപ്പ്. ലാറ്റിനമേരിക്ക,ഇന്ത്യൻ ഉപഭൂഖഢ്ഢം ,യൂറോപ്പ്യൻ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ ആശയ വിനിമയത്തിന്റെ പ്രാഥമിക മാർഗമാണ് ഇന്ന് വാട്‌സപ്പ്. ജനങ്ങൾക്ക് എളുപ്പത്തിൽ ചിലവില്ലാതെ ആശയ വിനിമയം നടത്താനുള്ള സംവിധാനമാണ് വാട്സപ്പ്

ഇൻസ്റ്റാഗ്രാം

സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നതിന് വേണ്ടി 2010 ഒക്ടോബറിൽ ആറിന് പുറത്തിറങ്ങിയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഉപഭോക്താക്കൾക്ക് ഫോട്ടോ എടുത്ത് ഡിജിറ്റൽ മാറ്റങ്ങൾ വരുത്തി പോസ്റ്റ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള എല്ലാവിധ സംവിധാനങ്ങളും ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇരുപത്തിയഞ്ചോളം ഭാഷകളിൽ ഇൻസ്റ്റാഗ്രാം കൈകാര്യം ചെയ്യാൻ പറ്റും. തുടക്ക കാലഘട്ടത്തിൽ ഐ ഫോൺ,ഐ പാഡ് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റഗ്രാമിന്റെ പിന്തുണ 2012 ഏപ്രിൽ മാസം മുതൽ ആൺഡ്രോയ്ഡ് ഫോണുകളിലേക്കും പിന്തുണ വ്യാപിപ്പിച്ചു. ഇൻസ്റ്റഗ്രാം കമ്പിനിയിലെ ജീവിനക്കാരെ സ്വന്തമാക്കി 2012 അവസാനത്തിൽ 1 ബ്രില്യൺ ഡോളർ നൽകി ഫെയ്സ് ബുക്ക് സ്വന്തമാക്കി. ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും യുവാക്കളും ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണിത് .ഫോട്ടോകളും റിൽസുകളുമാണ് ഇതിലെ പ്രധാനം

ട്വിറ്റർ

ആഗോള തലത്തിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രചുര പ്രചാരം നേടിയ സോഷ്യൽ നെറ്റ് വർക്കിംഗ് ,മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് ട്വിറ്റർ. ട്വിറ്റുകൾ എന്ന പേരിൽ ചെറു സന്ദേശങ്ങളായാണ് ഇതിൽ ആശയ വിനിമയം സാധ്യമാവുന്നത്. 2006 ൽ ജാക്ക് ഡോർസെയാണ് കാലിഫോർണിയയിൽ ട്വിറ്ററിന് തുടക്കം കുറിച്ചത്. പോഡ്കാസ്റ്റിംഗ് കമ്പനിയായ ഓഡിയോയിലെ ജീവനക്കാക്കിടയിൽ വിവരങ്ങൾ കൈമാറാനായി ചെറു സന്ദേശങ്ങൾ അയക്കുക എന്ന ആശയത്തിൽ നിന്നാണ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന ജാക്ക് ഡോർസെ ട്വിറ്റർ ആരംഭിക്കുന്നത്. 2006 മാർച്ച് 21 നാണ് ആദ്യ ട്വിറ്റ് അയക്കപ്പെട്ടത്. 2007 വർഷത്തോട് കൂടി ട്വിറ്റർ വൻ ജനസമ്മിതി നേടി. നൂറ്റി അൻപത് മില്യണിലധികം ഉപഭോക്താക്കൾ നിലവിൽ ട്വിറ്ററിനുണ്ട്.

യുട്യൂബ്

ഏറ്റവും പ്രചാരം നേടിയ വിഡിയോ ഷെയറിംഗ് നെറ്റ് വർക്കിംഗ് സൈറ്റാണ് യുട്യൂബ്. ചാഡ് ഹർലി,സ്റ്റീവ് ചെൻ,ജാവേദ് കരീം എന്നി മുൻ പേപാൽ ഉദ്യാഗസ്ഥരാണ് 2005 ൽ യുട്യൂബ് വികസിപ്പിച്ചെടുത്തത്. 2005 ഏപ്രിൽ 23 നാണ് ആദ്യമായി യുട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്തത്.ഉപജ്ഞാതാക്കളിലൊരാളായ ജാവേദ് കരിം സാൻഡിയാഗ്രേ മൃഗശാലയിലുള്ള രംഗം കാണിച്ച ‘മീ അറ്റ് ദ സൂ’ എന്ന പേരിലുള്ള വിഡിയോ ആണ് അപ്ലോഡ് ചെയ്തത്. നമുക്ക് സ്വന്തമായി വിഡിയോ നിർമ്മിച്ച് പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നുള്ളതാണ് യുടുബിന്റെ പ്രത്യാകത. ഇന്ന് നിരവധി പേരുടെ തൊഴിലിടം കൂടിയാണ് യുട്യൂബ് .നിലവിൽ ഗുഗിളിനാണ് യൂടൂബിന്റെ ഉടമസ്ഥവകാശം .ഗൂഗിളിന്റെ ഭാഗമായാണ് യൂട്യൂബ് പ്രവർത്തിക്കുന്നത്

ഫ്ളിക്കർ

പ്രമുഖ ഫോട്ടോ ഷെയറിംഗ് വിഡിയോ വെബ് സൈറ്റാണ് ഫ്ളിക്കർ. ഒരു ഓൺലൈൻ കമ്മ്യൂണിറ്റി കൂടിയായ ഫ്ളിക്കർ നിർമ്മിച്ചത് ലൂഡി കോർപ്പാണ്. 2004 നിർമ്മിതമായ ഫ്ളിക്കറിനെ 2005 ൽ യാഹു സ്വന്തമാക്കി. ബ്ലോഗർമാരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. എളുപ്പത്തിൽ വ്യക്തിഗത ഫോട്ടോകൾ അപ്ലോഡ് ചെയ്യാനും ഷെയർ ചെയ്യാനുമുള്ള സൗകര്യം ഫ്ളിക്കറിന് ഉണ്ട്.

മൈസ് പേസ്

ഏറ്റവും പഴയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് മൈസ് പേസ്. ബ്ലോഗുകൾ എളുപ്പത്തിൽ പോസ്റ്റ് ചെയ്യാൻ സാധ്യമാകുന്നു എന്നതാണ് മൈസ്പേസിനെ ശ്രദ്ധേയമാക്കുന്നത്. ചിത്രങ്ങൾ,വിഡിയോകൾ ഓഡിയോ സംഗീതങ്ങളെല്ലാം ഇതിലൂടെ പങ്ക് വെക്കാം. പോപ്പ് സംഗീതജ്ഞനായ ജസ്റ്റിൻ ടിംബർലേക്കിന്റെയും സ്പെസിഫിക് മീഡിയായുടെയും നേതൃത്വത്തിൽ 2003 ആഗസ്തിലാണ് ഇതിന് രൂപം കൊടുത്തത്. കാലിഫോർണിയയിലെ ബിവർലി ഹിൽസ് ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 20 ദശലക്ഷത്തിലധികം സന്ദർശകർ മൈസ് പേസിനുണ്ട്. ഫെയ്സ് ബുക്കിന്റെ ആവിർ ഭാവം മുതലാണ് ഇതിന്റെ പ്രചാരം കുറഞ്ഞത്.

ഡിഗ്ഗ്

സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്ന് വിത്യസ്ത സ്ഥാനം അലങ്കരിക്കുന്ന മറ്റൊരു സോഷ്യൽ ന്യൂസ് സൈറ്റാണ് ഡിഗ്ഗ്. വാർത്തകളും കഥകളും വലിയ സ്റ്റോറികളും പങ്ക് വെക്കാൻ സാഹായിക്കുന്നു എന്നതാണ് ഡിഗ്ഗിനെ ആകർഷണിയമാക്കുന്നത്. 2004ൽ ന്യൂയോർക്ക് സിറ്റിയിലാണ് സ്ഥാപിതമായത്. ജെയ് ആൽഡസണും കെവിൻ റോസും ചേർന്നാണ് രൂപം കൊടുത്തത്. ബീറ്റാ വർക്ക് സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ്.

ബ്ലോഗർ

ബ്ലോഗുകൾ തയ്യാറാക്കാൻ സാഹായിക്കുന്ന വെബ്സൈറ്റാണ് ബ്ലോഗർ. 1999 ൽ പൈറ ലാബ്സ് ആണ് ബ്ലോഗറിന് രൂപം നൽകിയത്. 2003 ൽ പൈറ ലാബ് സിനെ ഗൂഗിൾ ഏറ്റെടുത്തതിനെ തുടർന്ന് ബ്ലോഗറിന്റെ ഉടമസ്ഥവകാശം ഗൂഗിൾ ഏറ്റെടുത്തു. ഗൂഗിൾ ഏറ്റെടുത്ത് ഇത് ജനകീയമാക്കുകയും അൻപതിലധികം ഭാഷകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനവും ബ്ലോഗറിനുണ്ട്.

ഗൂഗിൾ പ്ലസ്

ഗൂഗിളിൽ നിന്നുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഗൂഗിൾ പ്ലസ്. 2011 ജൂൺ 28 ന് പുറത്തിറങ്ങിയ ഈ സൈറ്റിന് ചുരുങ്ങിയ കാലയളവിൽ തന്നെ 500 മില്ല്യനിലധികം ഉപയോക്താക്കൾ ഉണ്ട്.മറ്റുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെ അപേക്ഷിച്ച് ഒരു സോഷ്യൽ ലെയറാണ് ഗൂഗിൾ പ്ലസ്.

ഓർക്കുട്ട്

ഗുഗിളിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് വെബ്സൈറ്റാണ് ഓർക്കുട്ട് . ഇന്ത്യയിലും ബ്രസീലിലുമാണ് ഇത് ഏറ്റവും കൂടുതൽ പ്രചാരം. 2004 ജനുവരിയിൽ ഗൂഗിളിലെ ഉയർന്ന ഉദ്യാഗസ്ഥൻ ഓർക്കുട്ട് ബുയുക്കോക്ക് ടെൻ ആണ് ഇത് സ്ഥാപിച്ചത്.ഇദ്ദേഹത്തിന്റെ നാമാർത്ഥമാണ് ഇതിന് ഓർക്കുട്ട് എന്ന് പേര് വന്നത്.

ലിങ്ക്ഡിൻ

പ്രൊഫഷണലുകളെ തമ്മിൽ കോർത്തിണക്കുന്ന ഒരു സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ലിങ്ക്ഡിൻ. 2003 മെയ്യിൽ സ്ഥാപിതമായ ഈ പ്രൊഫഷണൽ നെറ്റ് വർക്കിംഗ് സൈറ്റ് ഇരുന്നൂറോളം രാജ്യങ്ങളിലായി 175 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉണ്ട്. ഈ സൈറ്റിലൂടെ ജോലി,ബിസിനസ് കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നു എന്നതാണ് സവിശേഷത. വ്യവസ്യായിയും എഴുത്തുകാരനുമായ അമേരിക്കയിലെ റീഡ് ഹോഫ് മാൻ കാലിഫോർണിയയിലെ മൗൺടെയ്ൻ വ്യൂ ആസ്ഥാനമാക്കിയാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. ഒമാഹ,ചിക്കാഗോ ,ന്യൂയോർക്ക്,ലണ്ടൻ,ഡബ്ളിൻ എന്നി സ്ഥലങ്ങളിലെല്ലാം ഇതിന് ആസ്ഥാന മന്ദിരങ്ങൾ ഉണ്ട്. 175 ദശ ലക്ഷത്തിലധികം ഉപയോക്താക്കൾ നിലവിൽ ഇതിനുണ്ട്. സാധരണ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിത്യസ്തമായി ബിസിനസ് രംഗത്തുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.

വിവിധ മേഖലകളിലെ ഉയർച്ചക്കും കൂട്ടായ്മക്കും വേണ്ടി ഇങ്ങനെ ചെറുതും വലുതുമായ നിരവധി സോഷ്യൽ മീഡിയ സൈറ്റുകളുണ്ട്.പിക്കാസ വെബ് ആൽബംസ്,ഫോട്ടോ ബക്കറ്റ്,വേഡ് പ്രസ്,ഇൻഡ്യാറോക്ക്സ്,ഭാരത് സ്റ്റുഡന്റ് കോം ഇങ്ങനെ നിരവധി സൈറ്റുകൾ ക്രമാതിതമായി വർദ്ധിച്ചു വരുന്നുണ്ട്.

webdesk14: