X

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരമായ തുടക്കമെന്നാന്ന് എച്ച്എംസി ബാരിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജറി വകുപ്പ് അസിസ്റ്റന്റ് ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ലെയാന്‍ ഇമാദ് അല്‍അഖന്റെ അഭിപ്രായം.

പരമ്പരാഗതമായി കഴിക്കപ്പെടുന്ന പലയിനം ഭക്ഷണപദാര്‍ഥങ്ങളിലും കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കൂടുതലാണ്. ആഘോഷങ്ങളിലും പരിപാടികളും പങ്കുചേരുന്നതിനുള്ള ക്ഷണം ഇവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നതിന് പ്രേരണയാകും. അല്‍പ്പാല്‍പ്പമായി കഴിക്കാനും വ്യായാമത്തിലേര്‍പ്പെടാനുംകഴിയണം. പെട്ടെന്നുള്ള അമിതമായ ആഹാരം നിരവധി ആരോഗ്യ, ശാരീരിക പ്രശ്‌നങ്ങള്‍ക്കിടയാക്കും. വയറുവേദന, ശര്‍ദ്ദി, വയറിളക്കം എന്നിവയെല്ലാം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അമിതാഹാരം തീര്‍ച്ചയായും ഒഴിവാക്കണം.

ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കുന്നതിനൊപ്പം ശരീരത്തില്‍ ജലാംശം നിലര്‍ത്തണം. വെള്ളം ധാരാളമായി കുടിക്കണം. പുരുഷന്‍മാര്‍ക്ക് ദിവസം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഏകദേശം 3.7 ലിറ്റര്‍ വെള്ളവും വനിതകള്‍ക്ക് ഏകദേശം 2.7ലിറ്റര്‍ വെള്ളവും ആവശ്യമാണ്. ഉപയോഗിക്കുന്ന എല്ലാ പാനീയങ്ങളും കഴിക്കുന്ന ഭക്ഷണത്തിലെ ജലാംശവും ഉള്‍പ്പടെയാണിത്.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. സാധാരണ ഭക്ഷണ രീതിയിലേക്ക് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി ചെറിയതോതില്‍ പതിവായി കഴിക്കുന്നതാ് ഉചിതം. ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ അഞ്ച് ഭക്ഷ്യഗ്രൂപ്പുകളില്‍നിന്നുമുള്ള ഭഭക്ഷ്യോത്പന്നങ്ങള്‍ തെരഞ്ഞെടുക്കണം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഇതിലൂടെ സാധിക്കും.

പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങളും കഴിക്കണം. സാധാരണ അളവില്‍ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുന്നത് തടയുന്നതിനും ഒപ്പം ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താനും സഹായകമാകും. സോഡ, പഞ്ചസാരയുടെ അതിപ്രസരമുള്ള പാനീയങ്ങള്‍, ചോക്ലേറ്റ്, കേക്കുകള്‍, ജാമുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തണം. പകരം ഫ്രഷായതും ഉണക്കിയതുമായ പഴങ്ങള്‍ കഴിക്കണം. മധുരപലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പുനിറഞ്ഞ ഭക്ഷണങ്ങള്‍, ഉപ്പും കഫീനും കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അപകടകരമാണ്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും പോലെയുള്ള മുന്‍കാല ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൂടുതല്‍ അപകടകരമാണെന്നും അവര്‍ പറഞ്ഞു.

ശരീരഭാരം നിലനിര്‍ത്തുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം തുടര്‍ച്ചയായി വ്യായാമത്തിലേര്‍പ്പെടുന്നതാണ്. ഒരാഴ്ചയില്‍ 150 മിനിട്ടെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. ശരീര ഭാരം കുറയ്ക്കുന്നതിനായി തീവ്രമായി ഡയറ്റിലേര്‍പ്പെടുന്നതിനെതിരെയും അവര്‍ മുന്നറിയിപ്പ് നല്‍കി. മാറ്റങ്ങള്‍ ക്രമേണ കൊണ്ടുവരുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

chandrika: