X

സോണിയ ഗാന്ധി വിദേശത്ത്, ഒപ്പം രാഹുലും; പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല

ന്യൂഡല്‍ഹി: സാധാരണയായുള്ള മെഡിക്കല്‍ പരിശോധനയ്ക്കായി അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേയ്ക്ക് പോയി. കോണ്‍ഗ്രസ് ദേശീയ വ്യക്താവ് രംന്ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. സോണിയക്കൊപ്പം മകന്‍ രാഹുല്‍ ഗാന്ധിയും അനുഗമിക്കുന്നുണ്ട്.

ഇതോടെ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കില്ലെന്ന് വ്യക്തമായി. അതേസമയം കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രാഹുല്‍ മടങ്ങുകയും പ്രിയങ്ക ഗാന്ധി സോണിയയുടെ അടുത്തേയ്ക്ക് പോകുകയും ചെയ്യുമെന്നാണ് വിവരം.

യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ സഭകളില്‍ ഉന്നയിക്കാനും മറ്റു പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. ലോക്‌സഭയിലും രാജ്യസഭയിലും സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഏകോപനത്തെ സംബന്ധിച്ചും സോണിയ നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് പാര്‍ട്ടിയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു. സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും മറ്റും നേരത്തെ തന്നെ കോണ്‍ഗ്രസ് തീരുമാനമെടുത്തതായാണ് വിവിരം. സാമ്പത്തിക തകര്‍ച്ച, കോവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ വീഴ്ചകള്‍ തുടങ്ങിയവ കോണ്‍ഗ്രസ് ഉന്നയിക്കുമെന്നാണ് സൂചന.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെപ്റ്റംബര്‍ 14ന് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് വെള്ളിയാഴ്ച, പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ വലിയ മാറ്റം നടത്തിയിരുന്നു. പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറിമാരെ മാറ്റിയും പുതിയ സംസ്ഥാനങ്ങളിലേക്കു ചുമതല നല്‍കിയും എഐസിസി പുനഃസംഘടിപ്പിച്ചതിനൊപ്പം പ്രവര്‍ത്തക സമിതിയിലും മാറ്റങ്ങള്‍ കൊണ്ടു വന്നു.

 

chandrika: