X

തയ്‌വാന്‍ കമ്പനിയുടെ എണ്ണക്കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു

 

സോള്‍: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്‍ നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

തയ്‌വാന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലൈറ്റ്ഹൗസ് വിന്‍മോര്‍ എന്ന കപ്പലില്‍ നിന്നാണ് നോര്‍ത്ത് കൊറിയന്‍ കപ്പലിലേക്ക് എണ്ണ മാറ്റിയത്. ഉത്തര കൊറിയന്‍ കപ്പലില്‍ നിന്നും 600 ടണ്‍ എണ്ണ പിടിച്ചെടുത്തു. പ്യോങ്യാങിലേക്ക് കപ്പല്‍ മാര്‍ഗം വസ്തുക്കള്‍ കടത്തുന്നതിനു യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജപ്പാന്‍ കടലില്‍ ദക്ഷിണ കൊറിയ, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നിരീക്ഷണം നടത്തി വരികയായിരുന്നു.

ദക്ഷിണ കൊറിയ നടത്തിയ പട്രോളിങിലാണ് എണ്ണയുമായി കപ്പല്‍ പോകുന്നതായി കണ്ടെത്തിയത്. ചൈനയാണ് ഉത്തര കൊറിയ്ക്ക് എണ്ണ കൈമാറുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുഎസും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ചൈനയുടെ നടപടി നിരാശാജനകമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ചൈനീസ് കപ്പലില്‍ നിന്നു ഉത്തര കൊറിയന്‍ കപ്പലിലേക്ക് എണ്ണ കൈമാറ്റം ചെയ്യുന്നതായി ട്രംപ് ആരോപിച്ചു. മുന്‍ ആഴ്ചകളില്‍ ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നതായും ദക്ഷിണ കൊറിയയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്ന് ചൈനീസ് ഗവണ്‍മെന്റ് വ്യക്തമാക്കി. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദേശം ഒരിക്കലും ചൈന അംഗീകരിക്കാതിരിക്കില്ലെന്നും ചൈന അറിയിച്ചു.

chandrika: