X

സ്പാനിഷ് സൂപ്പര്‍ കപ്പ്: നൗകാംപില്‍ബാര്‍സ നടുങ്ങി

ബാര്‍സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരായ ‘എല്‍ ക്ലാസിക്കോ’യില്‍ ബാര്‍സലോണക്ക് വന്‍ തോല്‍വി. പുതിയ കോച്ചിനു കീഴില്‍ സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ആദ്യപാദത്തിനിറങ്ങിയ ലയണല്‍ മെസ്സിയും സംഘവും ഒന്നിനെതിരെ മൂന്നു ഗോളിനാണ് സൈനദിന്‍ സിദാന്റെ ടീമിനോട് അടിയറവ് പറഞ്ഞത്. രണ്ടാം പാദ മത്സരം വ്യാഴാഴ്ച റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കും.
രണ്ടാം പകുതിയില്‍ പ്രതിരോധ താരം ജെറാഡ് പിക്വെയുടെ സെല്‍ഫ് ഗോളും ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാര്‍കോ അസന്‍സിയോ എന്നിവരുടെ ഗോളുകളുമാണ് റയലിന് മികച്ച വിജയം സമ്മാനിച്ചത്. പകരക്കാരനായിറങ്ങിയ ക്രിസ്റ്റ്യാനോ ഗോളടിച്ച് രണ്ട് മിനുട്ടിനകം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി.
4-3-3 എന്ന ആക്രമണ ശൈലിയില്‍ ടീമിനെ ഒരുക്കിയ ബാര്‍സലോണ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ദെ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനുമൊപ്പം നെയ്മര്‍ ഉപേക്ഷിച്ചു പോയ ഇടതുവിങില്‍ അരങ്ങേറ്റ താരം ജെറാര്‍ഡ് ഡെലഫുവിനെയാണ് നിയോഗിച്ചത്. കരീം ബെന്‍സേമ, ഗരത് ബെയ്ല്‍, ഇസ്‌കോ എന്നിവര്‍ റയലിന്റെ ആക്രമണ നിരയിലും ഇടംനേടി. പന്ത് കൈവശം വെച്ചുകൊണ്ടുള്ള ചെറിയ പാസുകളും മൈതാനത്തിന്റെ വിശാലത ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളുമായി ബാര്‍സ കളിച്ചപ്പോള്‍ ചടുതലയും വേഗതയുമേറിയ നീക്കങ്ങളായിരുന്നു റയലിന്റെ തന്ത്രം. ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയ മെസ്സിയുടെ ഫ്രീകിക്കും ടെര്‍സ്റ്റെയ്ഗന്‍ തടഞ്ഞിട്ട ബെയ്‌ലിന്റെ ഗോള്‍ശ്രമവുമൊഴിച്ചാല്‍ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
50-ാം മിനുട്ടില്‍ മാര്‍സലോയുടെ ക്രോസ് തടയാനുള്ള ശ്രമത്തിലാണ് ജെറാഡ് പിക്വെ സ്വന്തം വലയില്‍ പന്തെത്തിച്ചത്. ക്രോസ് കൈകാര്യം ചെയ്യാന്‍ ടെര്‍സ്‌റ്റെയ്ഗന്‍ തയാറായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ ചാടിവീണ പിക്വെയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. (0-1). തൊട്ടുപിന്നാലെ ബെന്‍സേമയുടെ ക്രോസില്‍ നിന്ന് ലീഡുയര്‍ത്താന്‍ ഡാനി കാര്‍വഹാളിന് ആളൊഴിഞ്ഞ പോസ്റ്റ് ലഭിച്ചെങ്കിലും സാമുവല്‍ ഉംതിതിയുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി. 58-ാം മിനുട്ടില്‍ ബെന്‍സേമക്കു പകരം ക്രിസ്റ്റ്യാനോ കളത്തിലെത്തി.
77-ാം മിനുട്ടില്‍ പെനാല്‍ട്ടിയുടെ രൂപത്തില്‍ ബാര്‍സയുടെ മറുപടി ഗോളെത്തി. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ലൂയിസ് സുവാരസിന്റെ ശരീരത്തില്‍ തട്ടിയതോടെയാണ് റഫറി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത മെസ്സി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അനായാസം പന്തെത്തിച്ചു. (1-1).
സര്‍വസജ്ജമായ ആക്രമണത്തിനിടെ പ്രതിരോധത്തില്‍ ബാര്‍സ വരുത്തിയ പിഴവാണ് പിന്നീടുള്ള ഗോളുകള്‍ക്ക് വഴിവെച്ചത്. 80-ാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്ന് ഇസ്‌കോ ഇടതുവിങിലേക്ക് നല്‍കിയ പന്ത് ക്രിസ്റ്റ്യാനോ ഓടിപ്പിടിച്ച് സന്തമാക്കി. ഓടിക്കിതച്ച് തടയാനെത്തിയ ജെറാഡ് പിക്വെയെ കാഴ്ചക്കാരനാക്കി പോര്‍ച്ചുഗീസ് താരം 15 വാര അകലെനിന്ന് തൊടുത്ത കനത്ത ഷോട്ട് ടെര്‍ സ്‌റ്റെയ്ഗന് പിടിനല്‍കാതെ ഇടതുപോസ്‌റ്റേക്ക് ഇരച്ചുകയറി. (1-2). കഴിഞ്ഞ സീസണിലെ എല്‍ ക്ലാസിക്കോയില്‍ ലയണല്‍ മെസ്സി ചെയ്തതു പോലെ ജഴ്‌സി ഊരി ഗാലറിക്ക് പ്രദര്‍ശിപ്പിച്ചാണ് ക്രിസ്റ്റ്യാനോ സീസണിലെ ആദ്യ ഗോള്‍ ആഘോഷിച്ചത്. കളിയുടെ മാന്യതക്ക് നിരക്കാത്ത പെരുമാറ്റത്തിന് താരം മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു.
82-ാം മിനുട്ടില്‍, ബാര്‍സ ബോക്‌സില്‍ ഡൈവ് ചെയ്തുവെന്ന് വിധിച്ച് റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കി. പന്ത് ക്ലിയര്‍ ചെയ്യാനുള്ള സാമുവല ഉംതിതിയുടെ ശ്രമത്തിനിടെയാണ് പോര്‍ച്ചുഗീസ് താരം നിലത്തുവീണത്.
റയല്‍ പത്തുപേരായി ചുരുങ്ങിയതോടെ ബാര്‍സ എല്ലാം മറന്നുള്ള ആക്രമണത്തിനൊരുങ്ങി. അതിന് കനത്ത വില നല്‍കേണ്ടിയും വന്നു. റയല്‍ ബോക്‌സിനു പുറത്തുനിന്ന് ലൂയിസ് സുവാരസ് നഷ്ടപ്പെടുത്തിയ പന്ത് കണ്ണടച്ചു തുറക്കുംമുമ്പ് പ്രത്യാക്രമണത്തിലൂടെ ബാര്‍സയുടെ ഗോള്‍മുഖത്തെത്തി. ക്രിസ്റ്റിയാനോയുടെ ഗോളിനെ അനുസ്മരിപ്പിക്കും വിധത്തില്‍ പിക്വെയെ കാഴ്ചക്കാരനാക്കി അസന്‍സിയോ തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കുകയും ചെയ്തു.
ആക്രമണ സിദ്ധാന്തക്കാരനായ വെല്‍വെര്‍ദെയുടെ പ്രതിരോധ നയത്തെപ്പറ്റി സംശയങ്ങളുയര്‍ത്തുന്നതാണ് സ്വന്തം ഗ്രൗണ്ടിലെ ബാര്‍സയുടെ തോല്‍വി. മിന്നും ഫോമിലുള്ള റയലിനെതിരെ അവരുടെ ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദം ജയിച്ച് കപ്പുയര്‍ത്തുക എന്നത് ബാര്‍സക്ക് വലിയ വെല്ലുവിളിയാവും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് ലാലിഗ സീസണ്‍ തുടങ്ങും മുമ്പ് രണ്ടാമത്തെ കപ്പും ഷോകേസിലെത്തിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.

chandrika: