Connect with us

Video Stories

സ്പാനിഷ് സൂപ്പര്‍ കപ്പ്: നൗകാംപില്‍ബാര്‍സ നടുങ്ങി

Published

on

ബാര്‍സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരായ ‘എല്‍ ക്ലാസിക്കോ’യില്‍ ബാര്‍സലോണക്ക് വന്‍ തോല്‍വി. പുതിയ കോച്ചിനു കീഴില്‍ സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ആദ്യപാദത്തിനിറങ്ങിയ ലയണല്‍ മെസ്സിയും സംഘവും ഒന്നിനെതിരെ മൂന്നു ഗോളിനാണ് സൈനദിന്‍ സിദാന്റെ ടീമിനോട് അടിയറവ് പറഞ്ഞത്. രണ്ടാം പാദ മത്സരം വ്യാഴാഴ്ച റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കും.
രണ്ടാം പകുതിയില്‍ പ്രതിരോധ താരം ജെറാഡ് പിക്വെയുടെ സെല്‍ഫ് ഗോളും ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാര്‍കോ അസന്‍സിയോ എന്നിവരുടെ ഗോളുകളുമാണ് റയലിന് മികച്ച വിജയം സമ്മാനിച്ചത്. പകരക്കാരനായിറങ്ങിയ ക്രിസ്റ്റ്യാനോ ഗോളടിച്ച് രണ്ട് മിനുട്ടിനകം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി.
4-3-3 എന്ന ആക്രമണ ശൈലിയില്‍ ടീമിനെ ഒരുക്കിയ ബാര്‍സലോണ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ദെ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനുമൊപ്പം നെയ്മര്‍ ഉപേക്ഷിച്ചു പോയ ഇടതുവിങില്‍ അരങ്ങേറ്റ താരം ജെറാര്‍ഡ് ഡെലഫുവിനെയാണ് നിയോഗിച്ചത്. കരീം ബെന്‍സേമ, ഗരത് ബെയ്ല്‍, ഇസ്‌കോ എന്നിവര്‍ റയലിന്റെ ആക്രമണ നിരയിലും ഇടംനേടി. പന്ത് കൈവശം വെച്ചുകൊണ്ടുള്ള ചെറിയ പാസുകളും മൈതാനത്തിന്റെ വിശാലത ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളുമായി ബാര്‍സ കളിച്ചപ്പോള്‍ ചടുതലയും വേഗതയുമേറിയ നീക്കങ്ങളായിരുന്നു റയലിന്റെ തന്ത്രം. ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയ മെസ്സിയുടെ ഫ്രീകിക്കും ടെര്‍സ്റ്റെയ്ഗന്‍ തടഞ്ഞിട്ട ബെയ്‌ലിന്റെ ഗോള്‍ശ്രമവുമൊഴിച്ചാല്‍ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
50-ാം മിനുട്ടില്‍ മാര്‍സലോയുടെ ക്രോസ് തടയാനുള്ള ശ്രമത്തിലാണ് ജെറാഡ് പിക്വെ സ്വന്തം വലയില്‍ പന്തെത്തിച്ചത്. ക്രോസ് കൈകാര്യം ചെയ്യാന്‍ ടെര്‍സ്‌റ്റെയ്ഗന്‍ തയാറായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ ചാടിവീണ പിക്വെയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. (0-1). തൊട്ടുപിന്നാലെ ബെന്‍സേമയുടെ ക്രോസില്‍ നിന്ന് ലീഡുയര്‍ത്താന്‍ ഡാനി കാര്‍വഹാളിന് ആളൊഴിഞ്ഞ പോസ്റ്റ് ലഭിച്ചെങ്കിലും സാമുവല്‍ ഉംതിതിയുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി. 58-ാം മിനുട്ടില്‍ ബെന്‍സേമക്കു പകരം ക്രിസ്റ്റ്യാനോ കളത്തിലെത്തി.
77-ാം മിനുട്ടില്‍ പെനാല്‍ട്ടിയുടെ രൂപത്തില്‍ ബാര്‍സയുടെ മറുപടി ഗോളെത്തി. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ലൂയിസ് സുവാരസിന്റെ ശരീരത്തില്‍ തട്ടിയതോടെയാണ് റഫറി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത മെസ്സി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അനായാസം പന്തെത്തിച്ചു. (1-1).
സര്‍വസജ്ജമായ ആക്രമണത്തിനിടെ പ്രതിരോധത്തില്‍ ബാര്‍സ വരുത്തിയ പിഴവാണ് പിന്നീടുള്ള ഗോളുകള്‍ക്ക് വഴിവെച്ചത്. 80-ാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്ന് ഇസ്‌കോ ഇടതുവിങിലേക്ക് നല്‍കിയ പന്ത് ക്രിസ്റ്റ്യാനോ ഓടിപ്പിടിച്ച് സന്തമാക്കി. ഓടിക്കിതച്ച് തടയാനെത്തിയ ജെറാഡ് പിക്വെയെ കാഴ്ചക്കാരനാക്കി പോര്‍ച്ചുഗീസ് താരം 15 വാര അകലെനിന്ന് തൊടുത്ത കനത്ത ഷോട്ട് ടെര്‍ സ്‌റ്റെയ്ഗന് പിടിനല്‍കാതെ ഇടതുപോസ്‌റ്റേക്ക് ഇരച്ചുകയറി. (1-2). കഴിഞ്ഞ സീസണിലെ എല്‍ ക്ലാസിക്കോയില്‍ ലയണല്‍ മെസ്സി ചെയ്തതു പോലെ ജഴ്‌സി ഊരി ഗാലറിക്ക് പ്രദര്‍ശിപ്പിച്ചാണ് ക്രിസ്റ്റ്യാനോ സീസണിലെ ആദ്യ ഗോള്‍ ആഘോഷിച്ചത്. കളിയുടെ മാന്യതക്ക് നിരക്കാത്ത പെരുമാറ്റത്തിന് താരം മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു.
82-ാം മിനുട്ടില്‍, ബാര്‍സ ബോക്‌സില്‍ ഡൈവ് ചെയ്തുവെന്ന് വിധിച്ച് റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കി. പന്ത് ക്ലിയര്‍ ചെയ്യാനുള്ള സാമുവല ഉംതിതിയുടെ ശ്രമത്തിനിടെയാണ് പോര്‍ച്ചുഗീസ് താരം നിലത്തുവീണത്.
റയല്‍ പത്തുപേരായി ചുരുങ്ങിയതോടെ ബാര്‍സ എല്ലാം മറന്നുള്ള ആക്രമണത്തിനൊരുങ്ങി. അതിന് കനത്ത വില നല്‍കേണ്ടിയും വന്നു. റയല്‍ ബോക്‌സിനു പുറത്തുനിന്ന് ലൂയിസ് സുവാരസ് നഷ്ടപ്പെടുത്തിയ പന്ത് കണ്ണടച്ചു തുറക്കുംമുമ്പ് പ്രത്യാക്രമണത്തിലൂടെ ബാര്‍സയുടെ ഗോള്‍മുഖത്തെത്തി. ക്രിസ്റ്റിയാനോയുടെ ഗോളിനെ അനുസ്മരിപ്പിക്കും വിധത്തില്‍ പിക്വെയെ കാഴ്ചക്കാരനാക്കി അസന്‍സിയോ തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കുകയും ചെയ്തു.
ആക്രമണ സിദ്ധാന്തക്കാരനായ വെല്‍വെര്‍ദെയുടെ പ്രതിരോധ നയത്തെപ്പറ്റി സംശയങ്ങളുയര്‍ത്തുന്നതാണ് സ്വന്തം ഗ്രൗണ്ടിലെ ബാര്‍സയുടെ തോല്‍വി. മിന്നും ഫോമിലുള്ള റയലിനെതിരെ അവരുടെ ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദം ജയിച്ച് കപ്പുയര്‍ത്തുക എന്നത് ബാര്‍സക്ക് വലിയ വെല്ലുവിളിയാവും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് ലാലിഗ സീസണ്‍ തുടങ്ങും മുമ്പ് രണ്ടാമത്തെ കപ്പും ഷോകേസിലെത്തിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending