കൊച്ചി: തോല്‍വികളാല്‍ പിന്നിലായ സൂപ്പര്‍ ലീഗ് ടീം ഫോഴ്സ് കൊച്ചി, തിരിച്ചുവരവിനായി പുതിയ തന്ത്രങ്ങളുമായി രംഗത്ത്. മൂന്ന് വിദേശികളുള്‍പ്പെടെ നാല് പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി ഫോഴ്സ് കൊച്ചി തന്റെ സ്‌ക്വാഡിനെ ശക്തമാക്കി. ടീമിന്റെ ആറാം മത്സരം ഞായറാഴ്ച എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30ന് കാലിക്കറ്റ് എഫ്.സി.ക്കെതിരെയായിരിക്കും.
പരിക്കുകളാല്‍ പല താരങ്ങളും പുറത്തായതോടെ ടീം വലിയ പ്രതിസന്ധിയിലായിരുന്നു. ഇതിനെ മറികടക്കാനാണ് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയത്. പുതിയ സൈന്‍ിങ്ങുകള്‍ ആയി ഉഗാണ്ടന്‍ സ്ട്രൈക്കര്‍ അമോസ്, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാര്‍ക്ക് വര്‍ഗസ്, സ്പാനിഷ് സെന്റര്‍ ബാക്ക് എന്‍ട്രികെ, മലയാളി അണ്ടര്‍-23 വിങ്ങര്‍ അഭിത് എന്നിവരാണ് ടീമില്‍ എത്തുന്നത്.
ഇതിനിടെ, സ്പാനിഷ് താരങ്ങളായ ഐക്കര്‍ ഹെര്‍ണാണ്ടസ്, റാമോണ്‍ ഗാര്‍ഷ്യ, മലയാളി താരം പി. ജിഷ്ണു എന്നിവര്‍ക്ക് ഗുരുതര പരിക്കുകളോടെ ശസ്ത്രക്രിയ ആവശ്യമുള്ള സാഹചര്യമാണുള്ളത്. കൂടാതെ സ്റ്റാര്‍ സ്ട്രൈക്കര്‍ നിജോ ഗില്‍ബര്‍ട്ട്, ബ്രസീല്‍ താരം ഡഗ്ലാസ് ടാര്‍ഡിന്‍ എന്നിവരും പരിക്കിനെ തുടര്‍ന്ന് പുറത്താണ്. റെഡ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഗിഫ്റ്റി ഗ്രേഷ്യസിനും പുറത്തിരിയ്‌ക്കേണ്ടി വരും.
പ്രധാന താരങ്ങളുടെ അഭാവം മൂലം കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും പരാജയപ്പെട്ട ഫോഴ്സ് കൊച്ചി, ഈ പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയത് ജീവണ്മരണ പോരാട്ടം എന്ന നിലക്കാണ്.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കാലിക്കറ്റ് എഫ്.സി., എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിലെ തോല്‍വിക്ക് പകരം വീണ്ടെടുക്കാനും പോയിന്റ് പട്ടികയില്‍ മുന്നേറാനുമുള്ള പോരാട്ടമായിരിക്കും ഫോഴ്സ് കൊച്ചിയുടെ ഈ മത്സരം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ടീമിനും ആരാധകര്‍ക്കും ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.