X
    Categories: CultureMoreViews

ബി.ജെ.പി-ജെ.ഡി.യു ഭിന്നത രൂക്ഷം; സഖ്യകക്ഷി വേണ്ടെങ്കില്‍ ബി.ജെ.പിക്ക് തനിച്ച് മത്സരിക്കാമെന്ന് ജെ.ഡി.യു

പാറ്റ്‌ന: ബീഹാറില്‍ എന്‍.ഡി.എ മുന്നണിയില്‍ ഭിന്നത കനക്കുന്നു. ബി.ജെ.പി-ജെ.ഡി.യു കക്ഷികള്‍ക്കിടയിലെ ഭിന്നത പരസ്യമായ വാക്‌പോരിലേക്ക് കടന്നിരിക്കുകയാണ്. ജെ.ഡി.യു നേതാവായ സഞ്ജയ് സിങ് ആണ് ബി.ജെ.പിക്കെതിരെ പരസ്യമായ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബീഹാറില്‍ ബി.ജെ.പിക്ക് സഖ്യകക്ഷി വേണ്ടെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ് ബി.ജെ.പിക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. 2014ല്‍ നിന്നും ഏറെ വ്യത്യസ്തമാണ് 2019ലെ കാര്യങ്ങള്‍. നിതീഷ് കുമാര്‍ ഇല്ലാതെ സംസ്ഥാനത്ത് വിജയിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം. എന്നാലും സഖ്യകക്ഷി വേണ്ടെന്ന നിലപാടാണ് ബി.ജെ.പി പുലര്‍ത്തുന്നതെങ്കില്‍ അവര്‍ക്ക് മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സഞ്ജയ് സിങ് പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ജെ.ഡി.യു തകര്‍ന്നടിയുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി പിന്തുണയോടെ അധികാരത്തിലെത്തിയ നിതീഷ് പിന്നീട് സഖ്യകക്ഷികളെ ചതിച്ച് ബി.ജെ.പിയുമായി കൂട്ടുകൂടുകയായിരുന്നു. ബീഹാറിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് നീതീഷ് നേരത്തേയും കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: