X

അവന്‍ പ്രിയതാരത്തിന്റെ തോളില്‍ കൈയ്യിടും

 
പാരീസ്: ഇതൊരു സിനിമാക്കഥയാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നിയെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്… കൊച്ചുനാളില്‍ തന്നെ അവന്റെ രക്തത്തില്‍ ഫുട്‌ബോളായിരുന്നു. ആറാം വയസ്സില്‍ അഛന്‍ വാങ്ങി കൊടുത്ത പന്തുമായി വീട്ടിലെ മുറ്റത്ത് പന്ത് തട്ടി കളിക്കാന്‍ തുടങ്ങിയ അവന്‍ സ്‌ക്കൂള്‍ കാലത്ത് നല്ലൊരു കളിക്കാരനായി. കളിയെ കാര്യമായി അറിയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പിതാവിനോട് മറ്റൊരു കാര്യം ആവശ്യപ്പെട്ടു-ഒരു ചെറിയ ടെലിവിഷന്‍ വേണം. പിതാവ് അതിനും തടസ്സം നിന്നില്ല. പിന്നെ ആ കൊച്ചു ടെലിവിഷനില്‍ അവന്‍ കാണുന്നതെല്ലാം ഒരാളെ-കൃസ്റ്റിയാനോ റൊണാള്‍ഡോയെ… പോര്‍ച്ചുഗലില്‍ നിന്നുളള ഫുട്‌ബോള്‍ ജീനിയസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുമ്പോഴും പോര്‍ച്ചുഗലിനായി കളിക്കുമ്പോഴും ആ കളി മികവില്‍ അവന്‍ ആകൃഷ്ടനായി. പാരീസിന്റെ പ്രാന്തമായ ബോണ്ടിയിലെ അവന്റെ വീട് നിറയെ പിന്നെ റൊണാള്‍ഡോ ചിത്രങ്ങളായി.
മാഞ്ചസ്റ്റര്‍ വീട്ട് പ്രിയതാരം റയല്‍ മാഡ്രിഡിലേക്ക് വന്നപ്പോള്‍ മുതല്‍ അവനും റയലുകാരനായി. പിന്നെ റയലിന്റെ ചിത്രങ്ങളും അവന്റെ മുറിയെ അലങ്കരിച്ചു. റയലും റൊണാള്‍ഡോയും എവിടെ കളിച്ചാലും ആ ദൃശ്യങ്ങള്‍ കാണാന്‍ അവന്‍ മുന്നിലുണ്ടാവും. കാല്‍പ്പന്തിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ആ ബാലന്‍ സ്‌ക്കൂള്‍ ടീമിലും യുനിവേഴ്‌സിറ്റി ടീമിലുമെത്തി. വൈകാതെ ഫ്രഞ്ച് ക്ലബായ മൊണോക്കോ പയ്യനെ കരാര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ പയ്യന്‍സിന് പ്രായം 18- ഫ്രഞ്ച് ലീഗില്‍ മൊണോക്കോയുടെ ജൈത്രയാത്രക്ക് പിന്നില്‍ അവനായിരുന്നു. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലും മൊണോക്കോ മുന്നേറി. വളരെ വേഗം ആ റൊണാള്‍ഡോ ഫാന്‍ ലോക ഫുട്‌ബോളിന് പ്രിയങ്കരനായി. ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസമായ സൈനുദ്ദീന്‍ സിദാനെ പയ്യന്‍സിനെ നേരത്തെ നോട്ടമിട്ടിരുന്നു. സിദാനെ ആരാധിക്കുന്ന ആ ഫ്രഞ്ച് ബാലന്‍ പലരോടും പറഞ്ഞു അവന്‍ സിദാന്റെ കീഴില്‍ കളിക്കണമെന്ന്….
ഒരു മാസം മുമ്പ് പയ്യന്‍സിനെ തേടി റയല്‍ മാഡ്രിഡിന്റെ ദൂതന്മാരെത്തി. മാഡ്രിഡിലേക്ക് വരാന്‍ റെഡിയാണോ എന്ന ചോദ്യം. സന്തോഷത്തോടെ റെഡിയെന്ന ഉത്തരം… തനിക്കായി ക്ലബ് പറഞ്ഞ വില കേട്ട് പയ്യന്‍സ് ഞെട്ടി-160 ദശലക്ഷം ഡോളര്‍…..
കാര്യങ്ങള്‍ ഇപ്രകാരം മുന്നേറുമ്പോള്‍ ഒരു മാസം കഴിഞ്ഞ സംഭവിക്കാന്‍ പോവുന്നത് ഇതാണ്…… അവന്‍ തന്റെ പ്രിയതാരത്തിനൊപ്പം ഒരേ ഡ്രസ്സിംഗ് റൂമിലുണ്ടാവും.. തന്റെ ഐക്കണ്‍ താരത്തിനൊപ്പം പന്ത് തട്ടും…. കുട്ടിക്കാലം മുതല്‍ കാത്തുകാത്തിരുന്ന ആ മുഹൂര്‍ത്തത്തില്‍ അവന്‍ റൊണാള്‍ഡോയുടെ തോളില്‍ പിടിക്കും. ശരാശരി ഫ്രഞ്ചുകാരന്റെ ഫുട്‌ബോള്‍ ജീവിതത്തെ മാറ്റിമറിച്ച് ആ പ്രിയങ്കരനായ അമരക്കാരന്‍-സൈനുദ്ദിന്‍ സിദാന്‍ പറയുന്ന വഴികളില്‍ അവന്‍ പന്ത് തട്ടും…
ഈ കഥ ഒരു സിനിമാക്കഥ പോലെ സുന്ദരമാണ്…. ഈ അനുഭവകഥയിലെ നായകന്‍ കൈലിയന്‍ മാപ്പെ…. പ്രായം 19. ഇപ്പോള്‍ ഫ്രഞ്ച് ക്ലബായ മൊണോക്കോയിലെ താരം. പുതിയ സീസണില്‍ റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍.

chandrika: