X

അതിവേഗം

 

കൊളംബൊ: ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ആതിഥേയര്‍ തോറ്റു. തോല്‍വിയോടെ ലങ്കയുടെ ലോകകപ്പ് പ്രവേശം തുലാസിലാണ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു വെച്ച 376 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 14 റണ്‍സെടുത്ത ഓപണര്‍ നിരോഷന്‍ ഡിക്‌വെല്ലയെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ ശര്‍ദുല്‍ താക്കൂറാണ് ലങ്കന്‍ നിരക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. പിന്നാലെ ഒരു റണ്ണെടുത്ത കുശാല്‍ മെന്‍ഡിസ് ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും (131), രോഹിത് ശര്‍മയുടേയും (104) സെഞ്ച്വറിയുടെ കരുത്തിലാണ് 375 റണ്‍സ് അടിച്ചു കൂട്ടിയത്. 300-ാം ഏകദിനം കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ ധോണി (49*), മനീഷ് പാണ്ഡെ (50*), എന്നിവരും മികവ് പ്രകടിപ്പിച്ചു. കെ.എല്‍ രാഹുലും (07), ഹര്‍ദിക് പാണ്ഡ്യയും (19) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ശ്രീലങ്കക്കെതിരെ ഒരു ടീം ലങ്കയില്‍ വെച്ച് നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കോലിയുടെ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ (04) പുറത്തായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് വീഴുന്നത് 29.3 ഓവറില്‍ 225 റണ്‍സാകുമ്പോഴാണ്. രണ്ടാം വിക്കറ്റില്‍ കോലിയും രോഹിതും ചേര്‍ന്ന് 27 ഓവറില്‍ 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത് 88 പന്തില്‍ നിന്നും 11 ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കം 104 റണ്‍സ് അടിച്ചെടുത്തു. രോഹിത് ശര്‍മയുടെ 13-ാം ഏകദിന സെഞ്ച്വറിയാണിത്. കഴിഞ്ഞ മത്സരത്തിലും രോഹിത് സെ്ഞ്ച്വറി നേടിയിരുന്നു. 29-ാം സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കോലി 96 പന്തില്‍ നിന്നും 17 ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കമാണ് റണ്‍സ് അടിച്ചു കൂട്ടിയത്. ലങ്കക്കെതിരെ കോലി നേടുന്ന ഏഴാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ 28 സെഞ്ച്വറി നേടിയ സനത് ജയസൂര്യയെ പിന്തള്ളി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായും കോലി മാറി. 49 സെഞ്ച്വറി നേടിയ ടെണ്ടുല്‍ക്കറും 30 സെഞ്ച്വറി നേടിയ റിക്കി പോണ്ടിങുമാണ് കോലിക്കു മുന്നിലുള്ളത്. ലങ്കന്‍ ബൗളര്‍മാരില്‍ ക്യാപ്റ്റന്‍ മലിംഗയാണ് ഏറ്റവും കൂടുതല്‍ റണ്‍ വിട്ടു നല്‍കിയത്. 10 ഓവറില്‍ 82 റണ്‍സാണ് ക്യാപ്റ്റന്‍ നല്‍കിയത്.

chandrika: