X

ഇരുപത് ലക്ഷം തീര്‍ഥാടകര്‍ അറഫയില്‍ സംഗമിച്ചു

 

ഇസ്‌ലാമിക മാനവികതയുടെ മഹത്തായ സന്ദേശം ആവര്‍ത്തിച്ച് വിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം പൂര്‍ത്തിയായി. രാജ്യവും ഭാഷയും വേര്‍തിരിവില്ലാതെ തല്‍ബിയ്യത്തിന്റെ മന്ത്രവും തൂവെള്ള വസ്ത്രവുമായി ഇരുപത് ലക്ഷത്തിലധികം വിശ്വാസികളാണ് അറഫയില്‍ സംഗമിച്ചത്. തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. കേരളത്തിലും ഇന്നാണ് ബലിപെരുന്നാള്‍.
അറഫ സംഗമം പൂര്‍ത്തയാക്കി ഇന്നലെ സൂര്യാസ്തമയത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. ഇവിടെ രാപാര്‍ത്ത ശേഷം ഇന്ന് രാവിലെ മിനയിലെത്തി ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നിര്‍വഹിക്കും. നമിറ പള്ളിയില്‍ നടന്ന അറഫ ഖുതുബക്കും തുടര്‍ന്നുള്ള ളുഹര്‍-അസര്‍ ചുരുക്കിയുള്ള നമസ്‌കാരത്തിനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിര്‍ദേശ പ്രകാരം സഊദി റോയല്‍ കോര്‍ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാംഗവുമായ ഡോ.ശൈഖ് സഅദ് ബിന്‍ നാസര്‍ ശിഥ്‌രി നേതൃത്വം നല്‍കി. എല്ലാ മനുഷ്യരുടെയും അഭിമാനവും രക്തവും സമ്പത്തും പവിത്രവും പാവനുവുമാണെന്ന പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിലെ വാക്കു കള്‍ ഡോ.ശിഥ്‌രി ഓര്‍മപ്പെടുത്തി. നന്മയിലും തഖ്‌വയിലും പരസ്പരം സഹകരിക്കണം.
വിശുദ്ധ ഹറമിന്റെ പവിത്രതയും സുരക്ഷിതത്വവും മസ്ജിദുല്‍ അഖ്‌സയുടെ സംരക്ഷണവും സുരക്ഷയും ഇസ്‌ലാമിന്റെ സുരക്ഷയുടെ ഭാഗമാണ്. വിഭാഗീയതക്കും ചിദ്രതക്കും വിശ്വാസികള്‍ ശ്രമിക്കരുത്. ഹാജിമാര്‍ പ്രാര്‍ഥനകളിലും കര്‍മങ്ങളിലും മാത്രം കേന്ദ്രീകരിക്കണമെന്നും ഡോ.ശിഥ്‌രി പറഞ്ഞു. സഊദിക്ക് പുറത്ത് നിന്നും 17,52,014, പേരാണ് ഹജ്ജിനത്തിയതെന്ന് സഊദി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി.

chandrika: