X

ജപ്പാന് ടിക്കറ്റ്

 
സെയ്താമ: ജപ്പാന്‍ 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന്‍ യോഗ്യത ഉറപ്പാക്കിയത്. ഇറാനു പിന്നാലെ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമാണ് ജപ്പാന്‍. ഒന്നാം പകുതിയുടെ 41-ാം മിനിറ്റില്‍ താകുമ അസോനോയും 82-ാം മിനിറ്റില്‍ യോസുകെ ഇദേഗുച്ചിയുമാണ് ജപ്പാന് വേണ്ടി ഗോളുകള്‍ നേടിയത്. വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 20 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ജപ്പാന്‍ യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ സഊദി അറേബ്യയുമായി ഈ മാസം അഞ്ചിനു നടക്കുന്ന മത്സരത്തില്‍ തോറ്റാലും ജപ്പാന് ഒന്നാം സ്ഥാനം നഷ്ടമാകില്ല. അതേ സമയം ഒമ്പത് മത്സരങ്ങളില്‍ നിന്നും 16 പോയിന്റുള്ള സഊദി അറേബ്യക്ക് അടുത്ത മത്സരത്തില്‍ ജയം നിര്‍ണായകമാണ്. മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്കും 16 പോയിന്റുണ്ട്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ തായ്‌ലന്‍ഡുമായാണ് ഓസീസിന് ഇനി മത്സരം അവശേഷിക്കുന്നത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഇറാഖ് തായ്‌ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഗ്രൂപ്പ് എയില്‍ യോഗ്യത നേടാന്‍ വിജയം അനിവാര്യമായ ദക്ഷിണ കൊറിയ ഇതിനോടകം യോഗ്യത നേടിയ ഇറാനുമായി ഗോള്‍ രഹിത സമനില പാലിച്ചപ്പോള്‍ മൂന്നാം സ്ഥാനക്കാരായ ഉസ്ബകിസ്താനെ ചൈന ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. ഇതോടെ അവസാന മത്സരം ഉസ്ബകിസ്താനും കൊറിയക്കും നിര്‍ണായകമായി. മറ്റൊരു മത്സരത്തില്‍ സിറിയ 2-1ന് ഖത്തറിനെ തോല്‍പിച്ചു.

chandrika: