X
    Categories: CultureMore

ഭക്ഷണം പോരെന്ന ആരോപണം; സൈനികന് പിന്തുണയുമായി കായിക താരങ്ങള്‍

കൊടും തണുപ്പില്‍ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് വളരെ മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന തേജ് ബഹാദൂര്‍ യാദവ് എന്ന പട്ടാളക്കാരന് പിന്തുണയുമായി പ്രമുഖ കായിക താരങ്ങളും മാധ്യമ പ്രവര്‍ത്തകരും. തേജ് ബഹാദൂര്‍ സിങ് മദ്യപാനിയാണെന്നും, അദ്ദേഹമുന്നയിച്ച സൈനികര്‍ക്കുള്ള ഭക്ഷണ റേഷനില്‍ വെട്ടിപ്പ് നടക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ബി.എസ്.എഫ് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും വീരേന്ദര്‍ സെവാഗ്, ബോക്‌സിങ് താരം വിജേന്ദര്‍ സിങ്, ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ തേജ് ബഹാദൂര്‍ യാദവിനെ അനുകൂലിച്ച് രംഗത്തെത്തി.

‘എന്തൊക്കെ പറഞ്ഞാലും ചെയ്താലും സൈനികരും കര്‍ഷകരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. ശരിയായ ഭക്ഷണം അവര്‍ക്കെല്ലാം എത്തണം’ എന്നായിരുന്നു വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റ്.

‘മതിയായ ഭക്ഷണം ലഭിക്കാത്ത നമ്മുടെ സൈനികരെപ്പറ്റിയുള്ള വീഡിയോ അസ്വസ്ഥതയുണ്ടാക്കുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ – വിജേന്ദര്‍ സിങ്.

‘നമ്മുടെ ജവാന്മാര്‍ക്ക് ശരിയാസ ഭക്ഷണം അനിവാര്യം. അത്രയേ പറയാനുള്ളൂ’ – മുഹമ്മദ് കൈഫ്.

തേജ് ബഹാദൂര്‍ യാദവിന്റെ വീഡിയോ പരമാവധി ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തത്.

സൈനികനെ അനുസരണയില്ലാത്ത മദ്യപാനിയായി ചിത്രീകരിച്ച ബി.എസ്.എഫ് അധികൃതരുടെ മറുപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങളാണുണ്ടാകുന്നത്. സീനിയര്‍ ഉദ്യോഗസ്ഥരെ വരെ ഭീഷണിപ്പെടുത്തുന്ന ഒരാളെ തോക്കുമായി അതിര്‍ത്തിയില്‍ നിര്‍ത്തി എന്നു പറയുമ്പോള്‍ അത് വിശ്വസിക്കേണ്ടതുണ്ടോ എന്നാണ് ഉയര്‍ത്തപ്പെടുന്ന ഒരു ചോദ്യം.

ബി.എസ്.എഫ് ജവാന്മാര്‍ക്കൊപ്പം താന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും മറ്റ് സൈന്യങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് ലഭിക്കുന്ന റേഷന്‍ മോശമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വല്‍ ട്വീറ്റ് ചെയ്തു. പരാതിക്കാരനെ മദ്യപാനിയെന്ന് മുദ്ര കുത്തുന്ന ബി.എസ്.എഫ് നീക്കം ദുരുപദിഷ്ടിതവും ക്രൂരവുമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: