X
    Categories: MoreViews

ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുള്ളക്ക് ജയം; രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ഫാറൂഖ്

ശ്രീനഗര്‍: ജമ്മുകശ്മീറിലെ ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ളക്ക് ജയം. പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി നാസിര്‍ അഹ്മദ് ഖാനെ 10,700 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫാറൂഖ് അബ്ദുള്ളയുടെ വിജയം.

ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നിലവിലെ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ ഭരണത്തിലേല്‍ക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
തന്നെ പിന്തുണച്ച ശ്രീനഗറിലെ ജനങ്ങളോട് നന്ദി പറഞ്ഞതോടൊപ്പം ജനങ്ങളിപ്പോഴും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയോടൊപ്പമാണെന്ന് ഉപതെരഞ്ഞെടുപ്പ് വിജയം തെളിയിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 79 കാരനായ ഫാറൂഖ് അബ്ദുള്ളയെ പരാജയപ്പെടുത്തി പിഡിപിയുടെ താരിഖ് ഹമീദ് കാരയാണ് വിജയിച്ചത്. കാശ്മീര്‍ പ്രദേശവാസികള്‍ക്കെതിരായ അക്രമണങ്ങളില്‍ പ്രതിഷേധിച്ച് താരിഖ് അടുത്തിടെ രാജി വെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഏപ്രില്‍ 9ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7 ശതമാനം മാത്രമാണ് പോളിങ് രേഖപ്പെടുത്തിയത്.

chandrika: