X

രാജ്യത്ത് തൊഴിലില്ലായ്മയില്ലെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി

ദോഹ: ഖത്തറില്‍ തൊഴിലില്ലായ്മയില്ലെന്ന് ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ജഫാലി പറഞ്ഞു. ഖത്തര്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന അല്‍ബര്‍വാസ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്യൂമന്‍ റിസോഴ്‌സ് നിയമം ജീവനക്കാരെ തൊഴിലിടങ്ങളില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ഉത്പാദനക്ഷമതയും വര്‍ധിക്കുന്നുണ്ട്. ഖത്തരിവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഊന്നല്‍നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളിലെല്ലാം ബഹുഭൂരിപക്ഷം സൂപ്പര്‍വൈസറി തസ്തികകളിലും ഖത്തരികളാണ്. സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍ കൂടുതല്‍ ഖത്തരികളെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തരംതിരിച്ചിരിക്കുന്ന തൊഴില്‍വിഭാഗങ്ങളില്‍ ഏറ്റവുമധികമുള്ളത് സ്‌പെഷ്യലൈസ്ഡ് തൊഴിലുകളാണ്.
ഈ തസ്തികകളിലധികവും നോണ്‍ ഖത്തരികളാണ് സേവനമനുഷ്ടിക്കുന്നത്. കഴിവുള്ള സ്വദേശികളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അത്തരം തസ്തികകള്‍ നികത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊതുസ്വകാര്യ മേഖലകളിലെ തൊഴില്‍ വിപണിയില്‍ ആവശ്യമായ സ്‌പെഷ്യാലിറ്റികള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നതിനായി ഖത്തര്‍ യൂണിവേഴ്‌സിറ്റി, എജ്യൂക്കേഷന്‍ സിറ്റി യൂണിവേഴ്‌സിറ്റികള്‍, കമ്യൂണിറ്റി കോളേജ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

chandrika: