X

ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ്: കിരീടം ശ്രീകാന്തിന്

ജക്കാര്‍ത്ത: ഇന്ത്യന്‍ താരം കെ.ശ്രീകാന്തിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ജപ്പാന്‍ താരം കസുമാസ സകായിയെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ കിരീട നേട്ടം. ശ്രീകാന്തിന്റെ മൂന്നാമത്തെ പ്രധാന കിരീടമാണിത്. നേരത്തെ ചൈന ഓപ്പണും, ഇന്ത്യന്‍ ഓപ്പണും ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. 21-11, 21-19 എന്ന നേരിട്ടുള്ള സ്‌കോറിനാണ് ശ്രീകാന്തിന്റെ ജയം. ആദ്യ ഗെയിമില്‍ 3-3ന് തുല്യത പാലിച്ചതിന് ശേഷം ശ്രീകാന്ത് തുടര്‍ച്ചയായി ലീഡെടുക്കുകയായിരുന്നു. 8-5 13-8 19-9 എന്നിങ്ങനെ ക്രമാനുഗതമായി മുന്നേറിയ ശ്രീകാന്ത് 21-11ന് ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ഗെയിമില്‍ പൊരുതിക്കളിച്ച ജപ്പാന്‍താരം തുടക്കത്തില്‍ 11-6ന് ലീഡ് നേടി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ശ്രീകാന്ത് 13-13ന് ശ്രികാന്ത് സകായിയെ ഒപ്പം പിടിച്ചു. പത്തൊമ്പതാം പോയിന്റ് വരെ ഇരുതാരങ്ങളും തുല്യത പാലിച്ചു. അവസാന രണ്ട് പോയിന്റുകള്‍ നേടി ഗെയിമും കിരീടവും ശ്രീകാന്ത് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലായിരുന്ന ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹോവിനെ തോല്‍പ്പിച്ചാണ് ഫൈനലിന് അര്‍ഹത നേടിയത്. മലയാളി താരം എച്ച്.എസ് പ്രണോയിയെ തോല്‍പിച്ചാണ് ജപ്പാന്‍ താരം കലാശക്കളിക്ക് അര്‍ഹത നേടിയത്.

chandrika: