X
    Categories: Views

പട്ടികയില്‍ പെട്ടവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 44 കോടി ഡോളര്‍ പാരിതോഷികം, നാല്‍പത് ഹൂഥി നേതാക്കളുടെ പട്ടിക സൗദി പുറത്തിറക്കി

സഊദി അറേബ്യ പുറത്തിറക്കിയ, ഹൂഥി നേതാക്കളുടെ പട്ടിക.

 

റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള നാല്‍പത് ഹൂഥി നേതാക്കളുടെ പട്ടിക സഊദി അറേബ്യ പുറത്തിറക്കി. ഇവരെ പിടികൂടുന്നതിനും ഇവര്‍ കഴിയുന്ന സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിനും സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 44 കോടി ഡോളര്‍ (165 കോടി സഊദി റിയാല്‍) പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ നിയമത്തിന്റെയും മൂന്ന് കൊല്ലം മുമ്പ് പ്രഖ്യാപിച്ച, ഹൂഥി ഗ്രൂപ്പിനെ ഉള്‍പ്പെടുത്തിയ ഭീകര സംഘടനാ പട്ടികയുടെയും ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടത്തിനുള്ള സഊദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഹൂഥി നേതാക്കളുടെ പട്ടിക പുറത്തിറക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവന പറഞ്ഞു.
ഹൂഥികളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മേഖലയിലെ മുഴുവന്‍ ഭീകര സംഘടനകളുടെയും സ്‌പോണ്‍സര്‍മാരായ ഇറാന്റെ പിന്തുണയോടെ, സഊദി അറേബ്യയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ തുടരുകയാണ്. ലെബനോനിലെ ഭീകര സംഘടനയായ ഹിസ്ബുല്ലയുമായുള്ള ഹൂഥികളുടെ സഹകരണം ശക്തമായതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സൈനിക ശേഷികളും പരിചയസമ്പത്തും ഇവര്‍ പരസ്പരം കൈമാറുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പങ്കുള്ള 40 ഹൂഥി നേതാക്കളുടെ ആദ്യ പട്ടിക പുറത്തിറക്കുന്നതെന്ന് സഊദി അറേബ്യ പറഞ്ഞു.
ഹൂഥി മിലീഷ്യകളുടെ പരമോന്നത നേതാവ് അബ്ദുല്‍മലിക് ബദ്‌റുദ്ദീന്‍ അല്‍ഹൂഥിയാണ് പട്ടികയില്‍ ഒന്നാമന്‍. ഇയാളെ പിടികൂടുന്നതിനും ഒളിച്ച് കഴിയുന്ന സ്ഥലം നിര്‍ണയിക്കുന്നതിനും സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് കോടി ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയില്‍ പെട്ട മറ്റ് പത്ത് പേരെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് രണ്ട് കോടി ഡോളര്‍ വീതവും പതിനൊന്ന് പേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ വീതവും ഒരാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒന്നര കോടി ഡോളറും അവശേഷിക്കുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളറും വീതമാണ് പാരിതോഷികം ലഭിക്കുക. പട്ടികയില്‍ പെട്ടവരെ കുറിച്ച് വല്ല വിവരവും അറിയുന്നവര്‍ സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകളെ അക്കാര്യം അറിയിക്കണം. വിവരം നല്‍കി സഹകരിക്കുന്നവരുടെ പേരുവിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പ്രസ്താവന പറഞ്ഞു.

സഊദി അറേബ്യ പുറത്തിറക്കിയ, ഹൂഥി നേതാക്കളുടെ പട്ടിക.

chandrika: