X

എസ്എസ്എല്‍സി: തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടെന്ന് അബ്ദുറബ്ബ്

കോഴിക്കോട്: എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാറിനെയും യുവജന സംഘടനകളെയും വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അബ്ദുറബ്ബ് ചോദിച്ചു. അഞ്ചു വര്‍ഷം താന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് തീരെ ചെറിയ പാളിച്ചകള്‍ പോലും ഊതിപെരുപ്പിച്ച് കരിങ്കൊടി കാണിച്ച് സമരം നടത്തിയ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും ഇത് അവരുടെ ഇരട്ടത്താപ്പ് നയമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറിയ തോതില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ഗുരുതരമായ പിഴവ് ചരിത്രത്തില്‍ ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരേ പരീക്ഷ രണ്ടു തവണ എഴുതുക എന്നത് കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസമുണ്ടാക്കുന്നതാണ്. എസ്എസ്എല്‍സി പരീക്ഷക്കൊപ്പം നടന്ന ഹയര്‍സെക്കന്ററി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരമൊരു ആരോപണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാറും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്ഥാപനം തയാറാക്കിയ മോഡല്‍ പരീക്ഷാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ എസ്എസ്എല്‍സി പൊതുപരീക്ഷയില്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കണക്കു പരീക്ഷ റദ്ദാക്കിയത്.

 

കടപ്പാട് : മാതൃഭൂമി

chandrika: