X

കുറഞ്ഞ വിലക്കുള്ള മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിച്ചു

തിരുവനന്തപുരം: 50, 100 രൂപയുടെ മുദ്രപത്രങ്ങളുടെയും ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പിന്റെയും ക്ഷാമം പരിഹരിച്ചതായി നികുതിവകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സ്റ്റാമ്പിന്റെയും മുദ്രപത്രങ്ങളുടെയും ക്ഷാമം പരിഹരിച്ചത്. ക്ഷാമം പരിഹരിക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേസ് തീര്‍പ്പാക്കി.

സംസ്ഥാനത്ത് അധികമായി സ്റ്റോക്കുള്ള ഒന്നു മുതല്‍ അഞ്ചുവരെയുള്ള സ്റ്റാമ്പ് പേപ്പറുകള്‍ 50,100 രൂപയുടെ സ്റ്റാമ്പ്് പേപ്പറായി പുനര്‍മൂല്യനിര്‍ണ്ണയം ചെയ്തിട്ടുണ്ട്. ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ അഞ്ച് ഉദേ്യാഗസ്ഥരും ജില്ലാ ട്രഷറികളിലെ സീനിയര്‍ സൂപ്രണ്ടിനേയും പുനല്‍മൂല്യ നിര്‍ണയത്തിന് നിയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസില്‍ നിന്നും ഇന്‍ഡന്റിന് പുറമെ ആവശ്യപ്പെട്ട അളവില്‍ സ്റ്റാമ്പ് പേപ്പര്‍ ലഭ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും കുറവുള്ള സ്ഥലങ്ങളിലേക്ക് പുന:ക്രമികരിച്ച് നല്‍കിയിട്ടുണ്ട്. അച്ചടി പൂര്‍ത്തിയാക്കിയ മുദ്രപത്രങ്ങളും സ്റ്റാമ്പുകളും നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ നിന്നുമെത്തിച്ച് സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ വഴി ട്രഷറികള്‍ക്ക് വിതരണം ചെയ്യാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

chandrika: