X

കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഭരണം ജനങ്ങള്‍ക്ക് പേടി സ്വപ്‌നമായി മാറി: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

വേങ്ങര: ഡല്‍ഹിയില്‍ മോദിയുടെ ഭരണവും കേരളത്തില്‍ ഇടതുഭരണവും പൊതുജനങ്ങള്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: കെ.എന്‍.എഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു.

രാജ്യത്ത് സമാധാനന്തരീക്ഷം ഇല്ലാതായി. അക്രമങ്ങളും കൊലപാതകങ്ങളുമായി നാട് നീങ്ങുന്നു. ഇതില്‍ ഇടപെടേണ്ട സര്‍ക്കാറിന് മിണ്ടാട്ടമില്ല. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പാവം ജനങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്. സംസ്ഥാനം വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടി. റേഷന്‍ കടകളില്‍ സാധനങ്ങളില്ല. പെട്രോള്‍ വില ദിനംപ്രതി ഉയരുന്നു. പെട്രോള്‍ വില ഉയരുന്നതില്‍ സന്തോഷം കൊള്ളുകയാണ് സര്‍ക്കാറുകള്‍, യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതുപോലെ പരിഹാര നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ജനങ്ങള്‍ അങ്ങേയറ്റം ദുരിതമനുഭവിക്കുകയാണ്.

ഇടത് സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണം. കേരളത്തിലേതുപോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതും രാജ്യത്തിനു തിരിച്ചടിയായികൊണ്ടിരിക്കുന്നു. രാജ്യം വളര്‍ച്ചയില്‍ നിന്നും പിറകോട്ട് പോയി. നോട്ട് നിരോധനവും ജിഎസ്ടിയും തീര്‍ത്ത ദുരിതം ചെറുതല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: