X

കല്ലേറ് കര്‍മം എളുപ്പമാക്കി ജംറ പാലം

 

പുതിയ ജംറ പാലം കല്ലേറ് കര്‍മത്തെ കുറിച്ച ഹജ്ജ് തീര്‍ഥാടകരുടെ പേടിസ്വപ്‌നം എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. തിക്കുംതിരക്കും മൂലമുള്ള ദുരന്തങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ഇത്തരം അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സഊദി അറേബ്യ ജംറയില്‍ ബഹുനില ജംറ പാലം ആസൂത്രണം ചെയ്തത്. 450 കോടിയിലേറെ ചെലവഴിച്ചാണ് സഊദി അറേബ്യ ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. 950 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയും നാല് നിലകളുമുള്ള ജംറ പാലത്തില്‍ 11 പ്രവേശന കവാടങ്ങളും 12 എക്‌സിറ്റുകളുമുണ്ട്. ഒരിക്കലും തിരക്ക് അനുഭവപ്പെടാത്ത നിലക്ക് ഹാജിമാരെ പലനിലകളിലേക്കായി കടത്തിവിടുന്ന നിലക്കാണ് ജംറയിലേക്കുള്ള റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഭാവിയില്‍ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ധനവ് മുന്നില്‍ കണ്ട് നിലകളുടെ എണ്ണം പതിനൊന്ന് ആയി ഉയര്‍ത്തുന്നതിന് സാധിക്കുന്ന നിലക്കാണ് പദ്ധതി നിര്‍മിച്ചിരിക്കുന്നത്.
ഒന്നാം നിലയിലെ രണ്ടു പ്രവേശന കവാടങ്ങള്‍ അല്‍ജൗഹറ സ്ട്രീറ്റില്‍ നിന്നും സൂഖുല്‍ അറബില്‍ നിന്നും വരുന്ന തീര്‍ഥാടകര്‍ക്കുള്ളതാണ്. കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി നേരിട്ട് അസീസിയയിലേക്ക് പോകുന്നതിന് ഇവര്‍ക്ക് സാധിക്കും. രണ്ടാം നിലയില്‍ പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടം സിദ്ഖി സ്ട്രീറ്റില്‍ നിന്ന് വരുന്നവര്‍ക്കുള്ളതാണ്. കിഴക്ക് ഭാഗത്തുള്ള പ്രവേശന കവാടം ജബല്‍ അല്‍കബശ്, കിംഗ് ഫഹദ് തുരങ്കം എന്നിവിടങ്ങള്‍ വഴി എത്തുന്ന തീര്‍ഥാടകര്‍ക്കായി നിക്കിവെച്ചിരിക്കുന്നു. ഹുദൈബിയ ടണല്‍ റോഡ് വഴി എത്തുന്നവര്‍ക്ക് എലിവേറ്റര്‍ കവാടം വഴിയും രണ്ടാം നിലയില്‍ പ്രവേശിക്കുന്നതിന് സാധിക്കും. മൂന്നാം നിലയിലും രണ്ട് പ്രവേശന കവാടങ്ങളാണുള്ളത്. ഇതില്‍ ഒന്ന് മിന മലയിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും സമീപത്ത് ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള തമ്പുകളില്‍ നിന്നും വരുന്നവര്‍ക്കും പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടം മശാഇര്‍ മെട്രോ, റബ്‌വത്തുല്‍ഹദാരിം ഏരിയകളില്‍ നിന്ന് വരുന്നവരുടെ ഉപയോഗത്തിനുമാണ്. ത്വല്‍അത് സിദ്ഖി സ്ട്രീറ്റില്‍ നിന്ന് വരുന്നവര്‍ക്ക് എക്‌സലേറ്റര്‍ പ്രവേശന കവാടം വഴിയും മൂന്നാം നിലയില്‍ പ്രവേശിക്കുന്നതിന് സാധിക്കും. നാലാം നിലയില്‍ മൂന്ന് പ്രവേശന കവാടങ്ങളാണുള്ളത്. ഇതില്‍ ഒന്ന് അസീസിയയില്‍ ഫഖീഹ് കൊമേഴ്‌സ്യല്‍ സെന്ററിന് പിന്‍വശത്തുള്ള ടണല്‍ വഴി എത്തുന്നവര്‍ക്കും രണ്ടാമത്തെത് മശാഇര്‍ മെട്രോ വഴി എത്തുന്നവര്‍ക്കുമുള്ളതാണ്. ഈ രണ്ടു പ്രവേശന കവാടങ്ങളും പടിഞ്ഞാറ് ഭാഗത്താണ്. കിഴക്ക് ഭാഗത്തുള്ള മൂന്നാമത്തെ പ്രവേശന കവാടം അല്‍മുഅയ്‌സിം ഏരിയയില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്കുള്ളതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഹെലിപാഡുകളും ശീതീകരണ സംവിധാനവും ജംറയിലുണ്ട്. കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച നവീന ക്യാമറകളും ജംറയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ടോയ്‌ലെറ്റുകള്‍, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ്, സുരക്ഷാ വകുപ്പ് കേന്ദ്രങ്ങള്‍ എന്നിവയും ജംറയിലുണ്ട്.

chandrika: