X

സ്റ്റോറില്‍ അപ്രതീക്ഷിതമായി മാന്‍പേടകള്‍; അനുഭവം പങ്കുവെച്ച് ലോറി ജോണ്‍സ്

സ്റ്റോറിലെത്തുന്ന മാന്‍പേടയുമായുള്ള അനുഭവം പങ്കുവെച്ച് സ്‌റ്റോര്‍കീപ്പര്‍ ലോറി ജോണ്‍സ്. അമേരിക്കയിലെ കൊളറാഡോയില്‍ സ്‌റ്റോര്‍കീപ്പറായ ജോണ്‍സ് മാന്‍പേടയും കുഞ്ഞുങ്ങളും സ്ഥിരമായി സന്ദര്‍ശകരായെത്താറുണ്ടെന്ന് പറയുന്നു. ഫോര്‍ട്ട് കോളിന്‍സിന്റെ പുറത്തുള്ള താഴ്‌വരകളിലാണ് ഹോഴ്‌സ് സാന്റ് സ്‌റ്റോര്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് വന്യജീവികളെ കാണുന്നത് അസാധാരണമല്ല, എന്നാല്‍ ലോറി ജോണ്‍സ് ഒരു മാനുമായുള്ള ആത്മബന്ധം തുടങ്ങിയത് അവിടെ നിന്നാണ്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് സ്‌റ്റോറിനു മുന്നില്‍ മാന്‍പേടയെ കാണുന്നത്. പലപ്പോഴായി ആട്ടിയകറ്റിയെങ്കിലും മാന്‍പേട പോകാന്‍ തയ്യാറായില്ല. പിന്നീട് ദിനംതോറും മാന്‍പേട സന്ദര്‍ശകയാവും. സ്‌റ്റോറിലെത്തുമെങ്കിലും ജോണ്‍സിനെയൊന്നും മാന്‍പേട മൈന്റാക്കാറില്ല. ചുമരിലേക്കും ഗ്ലാസിലേക്കുമൊക്കെയായി നോക്കി നില്‍ക്കലാണ് പതിവ്. പിന്നീട് പതിയെപ്പതിയെ ചുറ്റിലും നിരീക്ഷിക്കാന്‍ തുടങ്ങി. ഐസ്‌ക്രീമും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളിലേക്കും ശ്രദ്ധിക്കാന്‍ തുടങ്ങി. നിരന്തരം സ്റ്റോറിലേക്കെത്തിയതോടെ ലോറി ജോണ്‍സും മാന്‍പേടയും കൂട്ടുകാരാവുകയായിരുന്നു. സ്‌റ്റോറിനുള്ളിലേക്കും മറ്റും കയറി വന്ന മാന്‍പേടയും കുഞ്ഞുങ്ങളും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലോറി ജോണ്‍സ് പറയുന്നുണ്ടെങ്കിലും ഇത് തന്നെ രസകരമായ ഒരു പാഠം പഠിപ്പിച്ചുവെന്നും ലോറി പറയുന്നു. മാന്‍പേടകളുമായുള്ള ഇടപെടല്‍ കൊളറോഡോ പാര്‍ക്ക് അധികൃതര്‍ തടഞ്ഞതായാണ് ലോറി പറയുന്നത്. ഇത് നിയമവിധേയമല്ലെന്നും മനുഷ്യരുമായി കൂടുതല്‍ ആശ്രയിക്കപ്പെടുമെന്നുമാണ് വിശദീകരണം. മാനുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ ഭക്ഷിക്കേണ്ടത് പ്രകൃതിദത്തമായ ആഹാരമാണെന്നും മനുഷ്യരുമായുള്ള അടുത്തിടപഴകലുകള്‍ അവക്ക് രോഗമുണ്ടാവാന്‍ കാരണമാവുമെന്നും അവര്‍ വ്യക്തമാക്കുന്നു. മാന്‍പേടകള്‍ എത്തുകയാണെങ്കില്‍ അവയെ ആട്ടിയകറ്റണമെന്നും അതിനുള്ള സഹായം ചെയ്തുതരുമെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

chandrika: