X

മൗനം വെടിയൂ… സൂകിയോട് ലോകം

 

യാങ്കൂണ്‍: മ്യാന്മര്‍ സേന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ നിഷ്ഠൂരം വേട്ടയാടുമ്പോള്‍ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തുന്നത് സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ മൗനം. ഒരുകാലത്ത് ജനാധിപത്യ ധ്വംസനങ്ങള്‍ക്കുവേണ്ടി പോരാടി അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ സൂകി പാവപ്പെട്ട മുസ്്‌ലിംകളുടെ കാര്യത്തില്‍ ഉറക്കം നടിക്കുന്നത് എന്തിനാണെന്ന് പ്രമുഖ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ചോദിക്കുന്നു.
റാഖിന്‍ സ്‌റ്റേറ്റില്‍ 10 ദിവസത്തിനിടെ 123,000 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 400ലേറെ റോഹിന്‍ഗ്യ മുസ്്‌ലിംകളെ സൈന്യം കൊലപ്പെടുത്തി.
പിഞ്ചുകുട്ടികളെപ്പോലും ജീവനോടെ ചുട്ടെരിച്ച് മ്യാന്മര്‍ സേന റോഹിന്‍ഗ്യ ഗ്രാമങ്ങളെ ചുട്ടെരിക്കുമ്പോള്‍ സമാധാനത്തിന്റെ കാവല്‍ മാലാഖയായി ലോകം വാഴ്ത്തുന്ന സൂകി അഭിപ്രായപ്രകടത്തിനുപോലും നില്‍ക്കാതെ മാളത്തിലൊളിക്കുകയാണ്. ആഗസ്റ്റ് 25ന് സൈന്യം റോഹിന്‍ഗ്യകളെ വേട്ടയാടിത്തുടങ്ങിയ ശേഷം സൂകിയില്‍നിന്ന് പരസ്യ പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കിരയായി പതിനായിരങ്ങളാണ് റാഖിനില്‍ നരകിക്കുന്നതെന്ന് മ്യാന്മറിലെ യു.എന്‍ പ്രത്യേക ദൂത യാങ്ഹീ ലീ പറയുന്നു. മ്യാന്മര്‍ സേനയെ അടക്കിനിര്‍ത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്മര്‍ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തെ സമാധാന നൊബേല്‍ ജേതാവ് മലാല യൂസുഫ്‌സായിയും അപലപിച്ചു. വാര്‍ത്തകള്‍ കാണുന്ന ഓരോ ഘട്ടത്തിലും റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ ദുരിതം എന്റെ ഹൃദയത്തെ തകര്‍ക്കുന്നു. റോഹിന്‍ഗ്യകളോട് കാണിക്കുന്ന ദുരന്തപൂര്‍ണവും നിന്ദ്യവുമായ പെരുമാറ്റത്തെ വര്‍ഷങ്ങളായി ഞാന്‍ അപലപിച്ചുകൊണ്ടിരിക്കുന്നു. എന്നെപ്പോലെ സമാധാന നൊബേല്‍ നേടിയ സൂകിയും അക്രമങ്ങളെ അപലപിക്കുന്നത് കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്- മലാല കൂട്ടിച്ചേര്‍ത്തു.
സൂകിയുടെ മൗനത്തെ മലേഷ്യന്‍ പ്രധാനമന്ത്രി അനീഫ അമാനും ചോദ്യംചെയ്തു. തുറന്നുപറഞ്ഞാല്‍, സൂകിയുടെ നിലപാടില്‍ താന്‍ അതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കുവേണ്ടി രംഗത്തിറങ്ങണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ലോകസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. മുസ്്‌ലിം ഗ്രാമങ്ങള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. മ്യാന്മമറിലെ കൂട്ടക്കുരിതിക്കു മുന്നില്‍ മനുഷ്യത്വം നിശബ്ദമാണ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പല മുസ്്‌ലിം രാജ്യങ്ങളും മ്യാന്മറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിക്കുന്നുണ്ട്. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെയുള്ള കൂട്ടക്കുരുതികള്‍ തടയുന്നതിന് നടപടി സ്വീകരിക്കുന്നതുവരെ മ്യാന്മറുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവെച്ചതായി മാലദ്വീപ് പ്രഖ്യാപിച്ചു. ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി രെത്്‌നോ മര്‍സൂദി മ്യാന്മര്‍ നേതാവ് സൂകിയെയും സൈനിക മേധാവിയേയും നേരില്‍ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അറിയിച്ചു. പാകിസ്താനും ആശങ്ക പ്രകടിപ്പിച്ചു. മ്യന്മാറില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു.

chandrika: