X

പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്നും നരേന്ദ്രമോദി കോഴ വാങ്ങിയെന്ന രേഖകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സഹാറാ കേസില്‍ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത്തരം രേഖകള്‍ ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആര്‍ക്കും വ്യാജമായി നിര്‍മിച്ചെടുക്കാന്‍ പറ്റുന്നതാണ്. അന്വേഷണത്തിന് ഉത്തരവിടാന്‍ തക്കമുള്ള തെളിവായി ഇതിനെ കണക്കാക്കാനാവില്ലെന്നും ഹരജി തള്ളിയ നടപടിയില്‍ സുപ്രീം കോടതി നിരീക്ഷിച്ചു.

പ്രധാനമന്ത്രിക്കെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളും ഈ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. ഗുജാറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്രമോദി സഹാറാ ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപയും ബിര്‍ളയില്‍ നിന്ന് 12 കോടിയും കോഴ വാങ്ങിയതിന്റെ തെളിവ് ആദായ നികുതി വകുപ്പിന്റെ കയ്യിലുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതിന് പുറമെ ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്ന് മോദി കോഴവാങ്ങിയതിന്റെ രേഖകള്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു. കോഴ വാങ്ങിയ കൃത്യമായ ദിവസം അടക്കം വ്യക്തമാക്കിയായിരുന്നു ഇരുവരും ആരോപണം ഉന്നയിച്ചത്.

chandrika: