X

‘പത്മാവത്’നെതിരായ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുന:പരിശോധിക്കണമെന്നും റിലീസ് ചെയ്യുകയാണെങ്കില്‍ കലാപമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് അഭിഭാഷകന്‍ എം.എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ജനങ്ങളെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരുകള്‍ക്കാണെന്നും തങ്ങളുടെ ജോലി അതല്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ ഇനി വാദം കേള്‍ക്കില്ലെന്നും കോടതി പറഞ്ഞു. പത്മാവതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിശദമായ ഉത്തരവ് ഇറക്കിയതാണ്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം നിരോധിക്കാന്‍ സാധ്യമല്ല. ഗൗരവമുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് നാലു സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന വിലക്ക് കോടതി നീക്കിയത്. ‘സിനിമ പരാജയപ്പെടാം, അല്ലെങ്കില്‍ സിനിമ കാണേണ്ട എന്നു ജനങ്ങള്‍ക്കു തീരുമാനിക്കാം. പക്ഷേ, ക്രമസമാധാനത്തിന്റെ പേരു പറഞ്ഞു സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു പ്രദര്‍ശനം വിലക്കാനാവില്ല- കോടതി വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകളാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഹിമാചല്‍പ്രദേശ് ഉത്തരാഖണ്ഡും
സമാന നിലപാടെടുത്തിരുന്നു.

chandrika: