X

നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രി കെടി ജലീല്‍ അടക്കമുള്ള ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. എം.എല്‍.എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിപക്ഷ പ്രയോജനപ്പെടുത്താനാവില്ല.

പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ല്‍ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസില്‍ പ്രതികളായ ആറ് ഇടത് എംഎല്‍എമാരില്‍ മന്ത്രി വി.ശിവന്‍കുട്ടിയും, കെ.ടി.ജലീലും മാത്രമാണ് ഇപ്പോള്‍ നിയമസഭാംഗങ്ങളായിട്ടുള്ളത്. ഇപി ജയരാജന്‍, കെ കുഞ്ഞമ്മദ്, സികെ സദാശിവന്‍, കെ അജിത് എന്നിവരാണ് മറ്റു പ്രതികള്‍.

2015 മാര്‍ച്ച് 13നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എം.എല്‍.എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

web desk 1: