X

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് കുറക്കണമെന്ന് സുപ്രീം കോടതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ആഗസ്റ്റ് 31 വരെ 139 അടിയാക്കി നിര്‍ത്തണമെന്ന് സുപ്രീം കോടതി. അണക്കെട്ടിലെ തര്‍ക്കവിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്നും സുപ്രീം കോടതി അറിയിച്ചു. മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അന്ഗീകരിക്കനമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ഇനി സെപ്തംബര്‍ 6നാണ് വാദം കേള്‍ക്കുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് പെട്ടെന്ന് അധികജലം തുറന്നു വിട്ടതാണ് പ്രളയത്തിനു ഒരു കാരണമെന്ന് കേരളം സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് തമിഴ്‌നാടിന് തിരിച്ചടിയാവുന്ന കോടതി വിധിയുണ്ടായത്.

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്നാണ് കാണിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നതാണ് മഹാപ്രളയത്തിന് ഒരു കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് 142ല്‍ എത്തുന്നതിന് മുമ്പ് തന്നെ വെള്ളം തുറന്നുവിടണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ലെന്ന് കേരളം കോടതിയില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറും സുപ്രീംകോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ല. ഇത് കാരണമാണ് അടിയന്തരമായി ഷട്ടറുകള്‍ തുറക്കേണ്ടി വന്നത്. ഭാവിയില്‍ ഇതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷനും, സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് രൂപം നല്‍കണം. അണക്കെട്ടിന്റെ മാനേജ്‌മെന്റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നല്‍കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര മേല്‍നോട്ട സമിതി തീരുമാനിച്ചു. 142 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സമിതി തള്ളുകയായിരുന്നു.

chandrika: