X

മഹാത്മാ ഗാന്ധി വധത്തില്‍ പുനരന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. മുംബൈ സ്വദേശിയായ ഗവേഷകന്‍ ഡോ.പങ്കജ് ഫട്‌നിസ് നല്‍കിയ ഹര്‍ജി ആണ് കോടതി തള്ളിയത്. ഗാന്ധി വധത്തിന് പിന്നില്‍ ‘അജ്ഞാതനായ’ മറ്റൊരു പ്രതി കൂടി ഉണ്ടെന്ന് കാട്ടിയാണ് അഭിനവ് ഭാരതിന്റെ ഉടമ കൂടിയായ ഫട്‌നിസ് പുനരന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഗോഡ്‌സെയുടെ തോക്കില്‍ നിന്ന് തുപ്പിയ മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിയുടെ ജീവന് ഹാനിയായതെന്ന് കണ്ടെത്തിയെങ്കിലും നാലാമതൊരു വെടിയുണ്ടയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഗാന്ധിജിയുടെ വധത്തില്‍ ദുരൂഹതയില്ലെന്നും അതിനാല്‍ തന്നെ പുനരന്വേഷണം വേണ്ടെന്നും കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗാന്ധിജിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മറ്റൊരാള്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.

എന്നാല്‍ ഹര്‍ജിക്കാരന്റെ വാദത്തിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ സരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതിയുടെ 4000 പേജ് വരുന്ന രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി സുപ്രീം കോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1948 ജനുവരി 30നാണ് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വെടിവച്ച് കൊന്നത്.

chandrika: