X

‘മിച്ചഭൂമി വിറ്റു, ഭാര്യയുടെ പേരില്‍ തിരികെ വാങ്ങി’;സി.പി.എം മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ്

മിച്ചഭൂമി കേസില്‍ സി.പി.എം നേതാവും തിരുവമ്പാടി മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തല്‍. 2001ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് വിറ്റ ഒരേക്കര്‍ ഭൂമി ഭാര്യയുടെ പേരില്‍ തിരിച്ചു വാങ്ങിയതായും ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി.

ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുന്‍ സി.പി.എം എല്‍.എയുടെ നടപടി. പിതാവിന്റെ മിച്ചഭൂമി തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നടപടി തുടങ്ങിയത്തോടെ 2001ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് ഈ ഭൂമി കൈമാറി. പിന്നീട് 2022 ല്‍ ഇതേ ഭൂമി ഭാര്യയുടെ പേരില്‍ ജോര്‍ജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയില്‍ പുതിയ വീട് നിര്‍മിക്കുകയും ചെയ്തു.

ഈ ആരോപണം വന്നതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരാതി വാസ്തവമാണെന്നും ആക്ഷേപ ഭൂമിയില്‍ ഇരുനില വീടിന്റെ നിര്‍മാണം നടക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ലാന്‍ഡ് ബോര്‍ഡ് നല്‍കിയത്.

സംഭവത്തില്‍ വിജിലന്‍സും അന്വേഷണം ആരംഭിച്ചു. 16 ഏക്കറില്‍ കൂടുതല്‍ മിച്ചഭൂമി ജോര്‍ജ് കൈവശം വെച്ചു എന്നായിരുന്നു പരാതി. പാര്‍ട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരില്‍ ജോര്‍ജിനെ 2023ലാണ് സി.പി.എം പാര്‍ട്ടിയില്‍ നിന്നും വിവിധ സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്.

webdesk14: