X

സ്വാമി അഗ്‌നിവേശ് അന്തരിച്ചു

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകനും ആര്യ സമാജം പണ്ഡിതനും ആയ സ്വാമി അഗ്‌നിവേശ് അന്തരിച്ചു. 81 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് സ്വാമി അഗ്‌നിവേശിന്റെ മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് നേരത്തെ മെഡിഡക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങിയിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെ സംഘ്പരിവാര്‍-ഹിന്ദു തീവ്രവാദത്തിനെതിരെ പോരാട്ടം നടത്തിയ സ്വാമി അഗ്‌നിവേശ്. ഹിന്ദു തീവ്ര ഗ്രൂപ്പുകളുടെ കണ്ണിലെ കരടായ സ്വാമിക്കെതിരെ പലവട്ടം പരസ്യമായ ഭീഷണി ഉയര്‍ന്നിരുന്നു. ഇത്തരത്തിലൊരു ഭീഷണി അവഗണിച്ച് അദ്ദേഹം നടത്തിയ ജാര്‍ഖണ്ഡ് സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നു. ബിജെപി ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്ത് ടീം അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ പാകുര്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.

1939ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്‌മെന്റില്‍ അദ്ധ്യാപകനായിരുന്നു.

1968 ല്‍ ഹരിയാനയിലേത്തിയ അദ്ദേഹംആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.

സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ പോരാട്ടം നടത്തി. 1977 ല്‍ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.  പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.

chandrika: