X

കോവിഡുണ്ട്, ലോക്ക്ഡൗണില്ല, മാസ്‌കില്ല, ഭയമില്ല; എല്ലാം സാധാരണമട്ടില്‍ ഒരു രാജ്യം- അതും യൂറോപ്പില്‍

സ്റ്റോക്‌ഹോം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മിക്ക ലോകരാഷ്ട്രങ്ങളും സ്വീകരിച്ച മാര്‍ഗമാണ് ലോക്ക്ഡൗണും ഫേസ്മാസ്‌കും. ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിലും മഹാമാരിയുടെ തോതനുസരിച്ച് ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എന്നാല്‍ അതൊന്നും തങ്ങളെ ഏശില്ലെന്ന മട്ടില്‍ കഴിയുന്ന ഒരു രാജ്യമുണ്ട് ലോകത്ത്. അതും യൂറോപ്പില്‍. വടക്കന്‍ യൂറോപ്പിലെ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രമായ സ്വീഡനാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സസുഖം കഴിയുന്നത്.

രാജ്യത്ത് കോവിഡ് ഇല്ലെന്നു കരുതിയെങ്കില്‍ തെറ്റി. മഹാമാരിയില്‍ 5,800ലേറെ പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. അയല്‍രാജ്യങ്ങളായ നോര്‍വേ, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവയേക്കാള്‍ കൂടുതലാണ് സ്വീഡനിലെ മരണനിരക്ക്. സ്വീഡന്‍ രോഗം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ആഗോള തലത്തില്‍ തന്നെ വിമര്‍ശനം ശക്തമാണ്. എന്നാലും സര്‍ക്കാറിന് കുലുക്കമില്ല.

സ്റ്റോക് ഹോമിലെ പാര്‍ക്കില്‍ ഒത്തുകൂടിയ ജനം

ഇതേക്കുറിച്ച് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ പറയുന്നതിങ്ങനെ; ‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്‌കൂളുകള്‍ അടച്ചിട്ടില്ല’. മിക്ക രാഷ്ട്രങ്ങളും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോയ വേളയില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. വന്‍തോതിലുള്ള ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ട്.

‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്‌കൂളുകള്‍ അടച്ചിട്ടില്ല’.

പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍

സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു. പതിനൊന്ന് ശതമാനം മാത്രമാണ് സര്‍ക്കാര്‍ നയങ്ങള്‍ ശരിയല്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

അയല്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് മരണം കൂടുതലാണ് എങ്കിലും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാഷ്ട്രങ്ങളായ ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവയുടെ അത്ര വരില്ല സ്വീഡനിലെ സ്ഥിതി. എന്നാല്‍ 70 ദശലക്ഷമാണ് ബ്രിട്ടനിലെ ജനസംഖ്യ എങ്കില്‍ പത്തു ദശലക്ഷം പേരാണ് സ്വീഡനിലുള്ളത്.

Test User: