X

ഇന്ത്യ 244 റണ്‍സിന് പുറത്ത്; ഓസീസിന് 94 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സിന് പുറത്ത്. ഇതോടെ ഓസ്‌ട്രേലിയ 94 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി മത്സരത്തില്‍ മുന്‍തൂക്കം നേടി.

വാലറ്റത്തിനൊപ്പം സ്‌കോര്‍ ഉയര്‍ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 200 കടത്തിയത്. 37 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.

മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 70 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത രഹാനെയെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. പിന്നാലെ ഹനുമ വിഹാരി റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലു റണ്‍സ് മാത്രമായിരുന്നു വിഹാരിയുടെ സമ്പാദ്യം.

എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര ഋഷഭ് പന്ത് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ പന്തിനെ ഹെയെസല്‍വുഡ് പുറത്താക്കി.

67 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 36 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. പിന്നാലെ അര്‍ധ സെഞ്ചുറി നേടിയ പൂജാരയെ പുറത്താക്കി കമ്മിന്‍സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

ആര്‍. അശ്വിന്‍ (10), നവ്ദീപ് സെയ്‌നി (4), ബുംറ (0), സിറാജ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റെടുത്തു.

web desk 3: