X

സിറിയയില്‍ വ്യോമാക്രമണം രൂക്ഷം; 80 പേര്‍ കൊല്ലപ്പെട്ടു

 

ദമസ്‌ക്കസ്: സിറിയയില്‍ ഭരണകൂട സൈന്യവും-റഷ്യന്‍ സൈന്യവും നടത്തിയ വ്യാപക ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ വിമതരെ ഉന്നമിട്ട് സൈനിക സഖ്യം വ്യോമാക്രമണം നടത്തുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഡമസ്‌കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്. മറ്റു മേഖലകളിലും ആക്രമണം തുടര്‍ന്നു. വിമത മേഖലയില്‍ രണ്ടാഴ്ച മുന്‍പാണ് സൈന്യം ആക്രമണം അഴിച്ചു വിട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സിവിലിയന്മാരാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂഫ്രട്ട് നദീ തീരത്തെ അല്‍ ഷാഫ് ഗ്രാമത്തില്‍ റഷ്യന്‍ പോര്‍വിമാനങ്ങള്‍ ഷെല്ലുകള്‍ തൊടുത്തു വിടുകയായിരുന്നു. 51 പേരാണ് ഈ ഗ്രാമത്തില്‍ പിടഞ്ഞു വീണ് മരിച്ചത്. അല്‍ ദന്‍രാജ് ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും പിന്നീട് തുടര്‍ ആക്രമണത്തില്‍ മരണ സഖ്യ ഉയര്‍ന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേര്‍ അസ് സോര്‍ മേഖലയിലെ വിമതരെയും ഐഎസ് തീവ്രവാദികളെയും തുരത്താനാണ് സഖ്യ സേന സൈനിക നടപടികള്‍ ശക്തമാക്കിയത്. ഇറാഖില്‍ നിന്നുള്ള ഐഎസ് പോരാളികളും വിമതരും ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. റാഖായില്‍ നിന്നും മറ്റു ശക്തി കേന്ദ്രങ്ങളില്‍ നിന്നും ഐഎസ് തീവ്രവാദികളെ സൈന്യം തുരത്തി ഓടിച്ചിരുന്നു. കിഴക്കന്‍ ഗോട്ടയില്‍ സൈന്യം നടത്തിയ ഇടപെടലില്‍ 25 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. പ്രാദേശിക വ്യാപാര കേന്ദ്രങ്ങള്‍, സമീപത്തെ വീടുകള്‍ എന്നിവിടങ്ങളില്‍ സൈന്യം തെരച്ചില്‍ നടത്തി. ഇവിടെ നടത്തിയ വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി. തുടര്‍ന്ന് ഷെല്ലാക്രമണവും നടന്നു. ഒന്‍പത് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നതായി യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന വ്യക്തമാക്കി. നാലു ലക്ഷത്തിലധികം ആളുകളാണ് ഈ പ്രവിശ്യയില്‍ താമസിക്കുന്നത്. എന്നാല്‍, മേഖലയില്‍ നിന്ന് വിമതരെ ഒഴിപ്പിക്കാതെ ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സൈന്യം.

chandrika: