X

ലോകമേ കണ്ണു തുറക്കൂ; സിറിയയില്‍ നിന്നൊരു നോമ്പുതുറ

ഏതു നിമിഷവും വന്നുപതിക്കാവുന്ന ബോംബുകള്‍ക്കും മിസൈലുകള്‍ക്കുമരികെ നോമ്പുതുറക്കാന്‍ തയ്യാറായിരിക്കുന്ന കാഴ്ച്ചയുമായി സിറിയയിലെ ഒരു പട്ടണം. തകര്‍ന്നുതരിപ്പണമായ കെട്ടിടങ്ങള്‍ക്കിടയില്‍ താല്‍ക്കാലികമായി സംഘടിപ്പിച്ച ടേബിളുകളിലാണ് സിറിയയില്‍ നോമ്പുതുറക്കാനുള്ള ഒരുക്കം. യുദ്ധത്തില്‍ വീടും കുടുംബവുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇഫ്താര്‍ ഒരുക്കുകയാണ് അദലെ ഫൗണ്ടേഷന്‍. ദോമ പട്ടണത്തിലെ നോമ്പുതുറ ഒരു നിമിഷ നേരത്തേക്കെങ്കിലും ലോകമനസ്സിനെ കണ്ണീരിലാഴ്ത്തും.

യുദ്ധത്തെ തുടര്‍ന്ന് ഭീകരമായ വിലയാണ് സിറിയയില്‍ ഓരോ ഭക്ഷണസാധനത്തിനും. തകര്‍ന്നടിഞ്ഞ ദോമക്ക് അപ്പുറത്തുനിന്ന് ഖൗട്ടയില്‍ നിന്നാണ് ഭക്ഷണം എത്തിച്ചിരിക്കുന്നത്. എത്തിച്ച ഭക്ഷപദാര്‍ത്ഥങ്ങള്‍ ടേബിളുകളില്‍ നിരത്തിയിരിക്കുന്നു. ടേബിളുകള്‍ക്കു ചുറ്റും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ഞുമുഖങ്ങള്‍. നേരം അടുക്കുമ്പോള്‍ നോമ്പുതുറക്കാനുള്ള ആവേശത്തിലാണ് ചുറ്റുമുള്ള മുഖങ്ങളും.

ലോകപ്രശസ്ത മാധ്യമം ബി.ബി.സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ സിറിയയില്‍ ഭക്ഷണം കിട്ടാതെ പുല്ല് തിന്ന് വിശപ്പടക്കുന്ന ബാലന്റെ ചിത്രം പുറത്തുവന്നിരുന്നു. അതിന് പിറകെയാണ് യുദ്ധത്തിന്റെ ഭീകരതയും അതുമൂലമുള്ള ദയനീയതും പരത്തുന്ന ഈ നോമ്പുതുറയുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

chandrika: