X

സിറിയയില്‍ പ്രയോഗിച്ചത് രാസായുധം: സ്ഥിരീകരണവുമായി തുര്‍ക്കി

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബില്‍ എണ്‍പതിലേറെ പേര്‍ കൊല്ലപ്പെട്ട ആക്രമണം രാസായുധ പ്രയോഗം തന്നെയായിരുന്നുവെന്ന് തുര്‍ക്കിയില്‍ തയാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ് തുര്‍ക്കിയില്‍ ചികിത്സക്കിടെ മരിച്ച മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രാസായുധത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടത്. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേനയാണ് ആക്രമണം നടത്തിയതെന്നും ശാസ്ത്രീയമായ അന്വേഷണത്തില്‍ ബോധ്യമാകുന്നുണ്ടെന്ന് തുര്‍ക്കി ജസ്റ്റിസ് മന്ത്രി ബെകീര്‍ ബോസ്ദാഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്‌ലിബിനു സമീപം ഖാഷന്‍ ഷെയ്ഖൂണ്‍ നഗരത്തിലുണ്ടായ രാസായുധ പ്രയോഗത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ പറയുന്നു. വിമതര്‍ രാസുയധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കെട്ടിടത്തില്‍ ബോംബ് പതിച്ചപ്പോഴാണ് വിഷവാതകം അന്തരീക്ഷത്തില്‍ പടര്‍ന്നതെന്ന് റഷ്യയും വ്യക്തമാക്കി. ഇക്കാര്യം വിമതര്‍ നിഷേധിച്ചിട്ടുണ്ട്. സിറിയക്കെതിരെ കള്ളപ്രചാരണം നടത്താനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നതെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് അല്‍ മുഅല്ലം ആരോപിച്ചു. തീവ്രവാദികള്‍ക്കെതിരെ ആയാല്‍ പോലും സിറിയന്‍ സേന ഇതുവരെ രാസായുധ പ്രയോഗിച്ചിട്ടില്ല. ഭാവിയില്‍ പ്രയോഗിക്കുകയുമില്ല. സിറിയന്‍ സേന വ്യോമാക്രമണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വിമതരുടെ രാസായുധ കേന്ദ്രം തകര്‍ന്നപ്പോഴുണ്ടായ വിഷവാതക ചോര്‍ച്ചയാണ് ദുരന്തത്തിന് കാരണമെന്ന് മുഅല്ലം ചൂണ്ടിക്കാട്ടി.

അതേസമയം സിറിയന്‍ പ്രശ്‌നത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തില്‍ വന്‍ ശക്തികള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. പുതിയ പശ്ചാത്തലത്തില്‍ സൈനിക നടപടി വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും അനുരഞ്ജന നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാടിലാണ് ഫ്രാന്‍സും ബ്രിട്ടനുമുള്ളത്. റഷ്യയുമായി ചര്‍ച്ച നടത്താനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷോണ്‍ മാര്‍ക് അയ്‌റോള്‍ട്‌സ് പറഞ്ഞു. രാസായുധ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും വിമതരാണ് അതിന് പിന്നിലെന്ന വാദത്തില്‍ ക്രെംലിന്‍ ഉറച്ചുനില്‍ക്കുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം സിറിയയുടെ തലയില്‍ കെട്ടിവെക്കുന്നതിനെതിരെ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പാശ്ചാത്യ ശക്തികള്‍ക്ക് മുന്നറിയിപ്പുനല്‍കി. റഷ്യന്‍ അനുകൂലിയായി അറിയപ്പെടുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയന്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. സിറിയയിലെ മാനുഷിക, രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് സൈനിക നടപടിക്ക് വാതില്‍ തുറന്നതായി അദ്ദേഹം അറിയിച്ചു. ഇദ്‌ലിബില്‍ ഇപ്പോഴും സിറിയന്‍ സേന വ്യോക്രാമണം തുടരുകയാണ്. ബുധനാഴ്ച സാല്‍ഖിന്‍ നഗരത്തിലുണ്ടായ ആക്രമണങ്ങളില്‍ 13 കുട്ടികളടക്കം 27 പേര്‍ കൊല്ലപ്പെട്ടതായി ഒരു വിമത അനുകൂല സംഘടന പറയുന്നു. ജിസ്ര്‍ അല്‍ ശുഗൂറിലെ വ്യോമാക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

chandrika: