X
    Categories: keralaNews

തെരുവില്‍ അലഞ്ഞ തമിഴ് ബാലികയെ മകളായി വളര്‍ത്തി; വിവാഹം നടത്തി-റസാഖിന്റെ നന്‍മ

തൃശൂര്‍: മതവും ജാതിയും മനുഷ്യര്‍ക്കിടയില്‍ വലിയ വിടവ് സൃഷ്ടിക്കുന്ന കാലത്ത് നന്‍മയുള്ള ഒരു വാര്‍ത്ത തൃശൂരില്‍ നിന്ന്. തെരുവില്‍ അലഞ്ഞ തമിഴ് ബാലികയെ ഏറ്റെടുത്ത് സ്വന്തം മകളാക്കി വളര്‍ത്തി ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തയച്ച റസാഖ് എന്ന സൈനികന്റെ നന്‍മയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഭാസ്കരൻ നായർ അജയൻ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റസാഖ് എന്ന ഈ നല്ല മനസിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. മതമൊന്നും തടസ്സമാകാതെയാണ് സ്വന്തം റസാഖ് പെൺകുട്ടിയെ വളർത്തിയത്.

കുറിപ്പ്:

”ഇന്ത്യൻ സൈനികന്റെ മഹത്വം. എട്ടാം വയസില്‍ തെരുവില്‍ ആരോരുമി ല്ലാതെ നിന്ന തമിഴ് ബാലികയെ റസാഖ് കൂടെക്കൂട്ടി ! 14 വര്‍ഷം സ്വന്തം മകളായി വളര്‍ത്തി; വിവാഹപ്രായമായപ്പോള്‍ വരനെ കണ്ടെത്തി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി ക്കൊടുത്തു… സിനിമകളെപ്പോലും അതി ശയിപ്പിക്കുന്ന സംഭവങ്ങളാകും പലപ്പോഴും ജീവിതത്തില്‍ നടക്കുന്നത്. ചില നന്മ മനസ്സുകളിലൂടെയാണ് ഈ ലോകം മുമ്പോട്ടു പോകുന്നത്. അത്തരമൊരു നന്മയുടെ കഥയാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നും പുറത്തു വരുന്നത്. സ്‌നേഹത്തിന് ജാതിമത വേര്‍തിരി വൊന്നുമില്ലെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം.

പതിനാല് വര്‍ഷമായി കുടുംബത്തിലെ ഒരും അംഗത്തെ പോലെ ഒരു പെണ്‍കുട്ടിയെ സംരക്ഷിച്ചു. സ്വന്തം മകളെ പോലെ സംര ക്ഷിച്ച പെണ്‍കുട്ടിയെ വിവാഹ പ്രായമാ യപ്പോള്‍ നാടും മതവുമൊന്നും തടസ്സമാ കാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു. ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് പിന്നില്‍ റസാഖും കുടുംബവുമാണ്. മതമൊന്നും തടസ്സമാകാതെ വളര്‍ന്നവള്‍ സ്വന്തം മകളായി തന്നെയാണ് ആ വീട്ടില്‍ സുരക്ഷിതയായി കഴിഞ്ഞത്. വിവാഹ പ്രായമായപ്പോള്‍ പൊന്നും പുതുവസ്ത്ര ങ്ങളും സമ്മാനിച്ച് വിവാഹം നടത്തിക്കൊ ടുക്കുക മാത്രമല്ല പുതിയൊരു വീടും അവള്‍ ക്ക് പണിതുനല്‍കിയാണ് തൃപ്രയാര്‍ പുതിയവീട്ടില്‍ റസാഖും കുടുംബവും ലോകത്തിന് മാതൃകയായത്.

എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തികൊണ്ട് ഒതു തമിഴ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമായി റസാഖും നൂര്‍ജഹാനും. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു റസാഖ്. ഈ വീട്ടില്‍ എട്ടുവയസ്സുള്ളപ്പോള്‍ എത്തിയതാണ് ഈ തമിഴ് പെണ്‍കുട്ടി. തെരുവില്‍ കഴിയുന്നതിനിടെയാണ് കവിതയെ കിട്ടിയത്. അന്നുമുതല്‍ ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിലെ നാലാമത്തെ മകളായാണ് കവിത ജീവിച്ചത്.

വര്‍ഷത്തിലൊരിക്കല്‍ സേലം വൃദ്ധാചലത്തുള്ള കവിതയുടെ മാതാപിതാക്കള്‍ മകളെ വന്നുകാണുമെങ്കിലും 14 വര്‍ഷ ത്തിനിടയില്‍ രണ്ടുതവണ മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് കവിത പോയിട്ടുള്ളത്. കേരളത്തിന്റെ രീതികളുമായും റസാഖിന്റെ കുടുംബവുമായും ഏറെ പൊരുത്തപ്പെട്ട കവിതയ്ക്ക് വിവാഹപ്രായം ആയതോടെ അഭയം നല്‍കിയ കുടുംബംതന്നെ വരനെ കണ്ടെത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.

നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരന്‍. ഫോട്ടോഗ്രാഫറും സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനുമാണ് ശ്രീജിത്തിന് അലങ്കാരമത്സ്യകൃഷിയും ഉണ്ട്. റസാഖിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. വീടിനോടു ചേര്‍ന്നുതന്നെ നാലുസെന്റ് ഭൂമിയില്‍ പുതിയ വീടും കവിതയ്ക്കായി പണിതുനല്‍കിയിട്ടുണ്ട്. റസാഖിന്റെ പെണ്‍മക്കളുടെ വകയായി പന്ത്രണ്ടു പവനോളം സ്വര്‍ണവും നല്‍കി.

വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ട് സഹോദരിമാരും വന്നിരുന്നു. ദുഷ്പ്രവൃത്തികള്‍ അനുദിനം പെരുകുന്ന ഇക്കാലത്ത് റസാഖിനെപ്പോലെയുള്ളവരെ ദൈവദൂതരെന്നല്ലാതെ എന്തു വിളിക്കാന്‍”.

പാണക്കാട് സയ്യിദ് മുനവറലി തങ്ങളും റസാഖിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്:

ദർശനങ്ങളിലെ വ്യതിരിക്തത ഉൾക്കൊണ്ട് മനുഷ്യ- നന്മയുടെ ഹൃദയം കണ്ടെത്തിയ ചില ജീവിതങ്ങൾ ഇങ്ങനെയുമുണ്ട് നമുക്കിടയിൽ; അനശ്വരമായ മുഹൂർത്തങ്ങൾ വരച്ചുവെച്ച് ജീവിതം ധന്യമാക്കുന്നവർ. നാട്ടിക തൃപ്രയാർ സ്വദേശിയായ അബ്ദുറസ്സാഖും ഭാര്യ നൂർജഹാനും ഈ തുല്യതയില്ലാത്ത തുടർച്ചയിലെ സുന്ദരമായ ദൃശ്യങ്ങളാണ്. ‘വിശ്വാസത്തിൽ ബലപ്രയോഗം അരുതെ’ന്ന നബി വചനത്തിന്റെയും..

സേലം വിരുതാചലത്ത് പഴനിയുടേയും റാണിയുടേയും മകൾ 8 വയസ്സുകാരി കവിത 14 വർഷം മുമ്പാണ് അബ്ദുറസ്സാഖ് നൂർജഹാൻ ദമ്പതികളുടെ വീട്ടിലേക്കെത്തുന്നത്. അന്ന് മുതൽ തങ്ങളുടെ മറ്റ് മൂന്ന് പെൺമക്കളെ പോലെ അവർ കവിതയേയും സംരക്ഷിച്ചു.

വിവാഹ പ്രായമെത്തിയ കവിതക്ക് വിവാഹം അന്വേഷിച്ചതും വരൻ ശ്രീജിത്തിനെ കണ്ടെത്തിയതും അബ്ദുറസ്സാഖ് തന്നെ. വിവാഹ സമ്മാനമായി മറ്റ് മൂന്ന് മക്കൾ ചേർന്ന് നൽകിയ 12 പവനും വീടിനോട് ചേർന്ന് കവിതക്കായി നീക്കിവെച്ച 4 സെന്റിൽ നിർമ്മിച്ച വീടും കൈമാറി.

വാർത്ത വായിച്ചപ്പോൾ പങ്കെടുക്കാൻ വ്യക്തിപരമായി ഏറെ ആഗ്രഹം തോന്നിയ ഒരു വിവാഹം കൂടിയാണിത്. പക്ഷേ, പങ്കെടുത്ത പോലെ,ഹൃദയം നിറഞ്ഞു പോകുന്നു.

അഭിനന്ദനങ്ങൾ…”

ചന്ദ്രിക വെബ് ഡെസ്‌ക്‌: