X
    Categories: indiaNews

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; 11 ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്. അതേസമയം ഇളവുകളോടെയാണ് ഇക്കുറി ലോക്ക്ഡൗണ്‍ നിലവില്‍വരുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്പത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്.

പലചരക്ക് കട, പച്ചക്കറി കട. ഇറച്ചി മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ആറ് മണി മുതല്‍ അഞ്ച് മണി വരെ എല്ലാ ജില്ലകളിലും തുറക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. രജിസ്‌ട്രേഷനുകള്‍ക്കായി സബ്ട്രഷറി ഓഫീസുകളില്‍ 50 ടോക്കണ്‍ വീതം ദിവസേന നല്‍കും.

കോവിഡ് കേസുകള്‍ കുറയുന്ന ചെന്നൈ അടക്കമുള്ള ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രീഷന്മാര്‍, പ്ലബര്‍മാര്‍, ആശാരിമാര്‍ എന്നിവര്‍ക്ക് ഇ-രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

 

web desk 3: